ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന ‘ഓർമയിൽ ഉമ്മൻ ചാണ്ടി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻ ചാണ്ടിയോട് പല കാര്യങ്ങളിലും യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നു. അതു തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവിശ്രമം എന്ന പദത്തിന് എല്ലാ അർഥത്തിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ കുറിച്ച് ചെറിയ വിവരണമേ അദ്ദേഹം ആത്മകഥയിൽ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻ ചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻ ചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി തന്നെ എൽഡിഎഫ് തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻ ചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമേ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകൂ. ഇതിനു നല്ല ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻ ചാണ്ടിയുമെന്ന് ചാണ്ടി ഉമ്മനും പറഞ്ഞു. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണ്. ഉമ്മൻ ചാണ്ടി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ മുഖ്യമന്ത്രി പ്രത്യേക താൽപര്യം കാണിച്ച് അദേഹത്തിനു വേണ്ടി ഒരുപാട് ഇടപെടലുകൾ നടത്തിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്ത് നടന്ന ട്രയൽ റണ്ണിൽ ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാതെ പിണറായി വിജയൻ നടത്തിയ പ്രസംഗം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി പിണറായി വിജയൻ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നത്.

English Summary:

CM Pinarayi Vijayan About Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com