ADVERTISEMENT

കൊച്ചി ∙ കട കാലിയാണെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ സപ്ലൈകോ ജീവനക്കാർ ഒട്ടും പുറകിലല്ല. അതേസമയം, നാട്ടുകാരുടെ സകല കാര്യങ്ങൾക്കും കൈമെയ് മറന്ന് പ്രവർത്തിക്കുന്ന കുടുംബശ്രീ ജീവനക്കാർക്ക് സന്തോഷം അത്ര പോരാ. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രമായ കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിൽ നടത്തിയ സർവേയിലാണ് ജീവനക്കാരുടെ സന്തോഷസൂചിക ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. എറണാകുളം സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ ശരാശരി സന്തോഷ സൂചിക സ്കോർ അഞ്ചിൽ 3.55 ആണ്. പൊതുവെ മെച്ചപ്പെട്ട സ്കോർ ആണിതെന്നും ചില മേഖലകളിൽ മാറ്റം വരുത്തിയാൽ സന്തോഷത്തിന്റെ അളവ് കൂട്ടാമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ആകെ 5 പോയിന്റ് കണക്കാക്കിയാണ് ഓരോ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സന്തോഷ സൂചികയുടെ സ്കോര്‍ തീരുമാനിച്ചത്. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് 4.50 സ്കോറുമായി സന്തോഷ സൂചികയിൽ ഒന്നാമതെത്തി. 4.14 സ്കോറുമായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് രണ്ടാമതെത്തി. കോഓപ്പറേറ്റീവ് സൊസൈറ്റി, ഡയറി ഡവലപ്മെന്റ്, സിവില്‍ സപ്ലൈസ്, സൈനിക് വെൽഫെയർ, ഡ്രഗ്സ് കൺട്രോളർ, ദാരിദ്ര്യനിർമാർജനം, കണയന്നൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഒാഫിസ്, വൊക്കേഷനൽ ഹയർ സെക്കൻഡറി എജ്യൂക്കേഷൻ റീജനൽ ഓഫിസ് എന്നിവ 4 സ്കോറുമായി മൂന്നാമതും എത്തി. ജില്ലാ സാമൂഹികനീതി ഓഫിസ് ആണ് സന്തോഷ സൂചികയിൽ ഏറ്റവും പിന്നിലുള്ളത്. സ്കോർ – 2.0. മൈനിങ് ആൻഡ് ജിയോളജി വകുപ്പ്–2.33, തദ്ദേശ ജില്ലാ പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം, യുവജനക്ഷേമ ബോർഡ്, കുടുംബശ്രീ എന്നിവയാണ് സന്തോഷസൂചികയിൽ താഴെ നിൽക്കുന്നത്. 3 ആണ് സന്തോഷ സൂചികയിൽ കുടുംബശ്രീയുടെ സ്കോർ.

സ്ത്രീജീവനക്കാരെ അപേക്ഷിച്ച് പുരുഷന്മാർ തൊഴിലിടങ്ങളിൽ അത്ര സന്തുഷ്ടരല്ല എന്നും സർവേ പറയുന്നു. വളരെ സന്തോഷവതികളായ സ്ത്രീജീവനക്കാര്‍ 12.66%, സന്തോഷവതികളായ സ്ത്രീജീവനക്കാർ 44.30%, ഇടയ്ക്കൊക്കെ സന്തോഷമുണ്ടാകുന്ന സ്ത്രീജീവനക്കാർ 5.06%, തൃപ്തികരമെന്ന് പറഞ്ഞ സ്ത്രീജീവനക്കാർ 36.71% എന്നിങ്ങനെയാണ് കണക്ക്. അതേസമയം, വളരെ സന്തോഷവാന്മാരായ ജീവനക്കാർ 14.77%, സന്തോഷവാന്മാര്‍ 35.23%, ഇടയ്ക്കൊക്കെ സന്തോഷമുണ്ടാകുന്നവർ 9.99%, തൃപ്തികരമെന്ന് പറഞ്ഞവർ 39.77% എന്നിങ്ങനെയാണ് പുരുഷന്മാരുടെ സന്തോഷ സൂചിക. നോൺ ഗസറ്റഡ് തസ്തികയിലുള്ള ജീവനക്കാരെക്കാൾ ഗസറ്റഡ് തസ്തികയിലുള്ളവരാണ് കൂടുതൽ സന്തോഷം അനുഭവിക്കുന്നത്.

ആകെ 37 വകുപ്പുകളുടെ ഓഫിസുകളിലെ ജീവനക്കാരിൽ ശരാശരി 20 ശതമാനത്തോളം പേരാണ് സർവേയിൽ പങ്കെടുത്തത്. പങ്കെടുത്ത 246 േപരിൽ 30% ഗസറ്റഡ് ഓഫിസർമാരും ബാക്കി നോൺ ഗസറ്റ‍ഡ് ഉദ്യോഗസ്ഥരുമാണ്. തൊഴിലിടങ്ങളിലെ ആശയവിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവർത്തകരുമായുള്ള ബന്ധം, തൊഴിൽ സുരക്ഷ, സേവന വേതന വ്യവസ്ഥകൾ, സാമൂഹിക അംഗീകാരം, സ്ഥാനക്കയറ്റത്തിനുള്ള അവസരം, തൊഴിലിടങ്ങളിലെ ശുചിത്വം, സാങ്കേതിക കാര്യങ്ങൾ തുടങ്ങി 8 കാര്യങ്ങളിലാണ് സർവേയിൽ പങ്കെടുത്തവരിൽ‍ നിന്ന് അഭിപ്രായങ്ങൾ തേടിയത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫിസാണ് സർവേ സംഘടിപ്പിച്ചത്.

English Summary:

Happiness Index Survey at Ernakulam Civil Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com