ADVERTISEMENT

കൊച്ചി ∙  എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ കുഫോസ് വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയെയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എംജി സർവകലാശാല, കേരള സർവകലാശാല എന്നിവയ്ക്കു വേണ്ടി സെനറ്റ് കമ്മിറ്റി അംഗങ്ങളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി സർക്കാരുമാണ് ഗവര്‍ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. കുഫോസിലെ സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്ത അതേ വിധത്തിലാണ് മൂന്നു സർവകലാശാലകളിലും ഗവർണര്‍ രൂപീകരിച്ച സെർച്ച് കമ്മിറ്റി കോടതി ഇന്ന് സ്റ്റേ ചെയ്തത്. 

ഗവർണർ, സെനറ്റ്, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റി എന്ന നിലയിൽ കേരള നിയമസഭ സര്‍വകലാശാല നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുകയും ഇത് ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അനുമതി തരികയോ വിശദീകരണം തേടുകയോ ചെയ്യുന്നതിനു പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് ഗവർണർ ചെയ്തത് എന്ന് എംജി സര്‍വകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നിയമസഭ പാസാക്കിയ ബില്ല് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തന്നെ ഗവർണർ രണ്ടുപേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. യുജിസി പ്രതിനിധിയായി ഡോ. കെ.ആർ.സാംബശിവ റാവു, സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടർ സി.അനന്തനാരായണൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജൂൺ 28ന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ സര്‍വകലാശാലയോട് നിർദേശിച്ചെങ്കിലും അത് ഉണ്ടാവാതെ വന്ന സാഹചര്യത്തിലാണ് സെർച്ച് കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് ചാൻസലർ കൂടിയായ ഗവർണർ വാദിച്ചു. 

സമാനമായ രീതിയിലാണ് കേരള സർവകലാശാല വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിക്കും ഗവർണർ രൂപം നൽകിയതെന്ന് സർവകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. 2018ലെ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് ചാൻസലറുടെ നടപടിയെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹർജിയിൽ പറയുന്നു. ഇരുഭാഗത്തെയും വാദങ്ങൾ പരിഗണിച്ച ശേഷം, പ്രതിനിധിയെ നിർദേശിക്കുന്നതിൽ സർവകലാശാലയുടെ ഭാഗത്തു നിന്ന് വീഴ്ച വന്നിട്ടുണ്ടെങ്കിൽ പോലും ഹർജിക്കാരുടെ വാദങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്യാനും നിർദേശിച്ചു.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സര്‍വകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിക്കെതിരെ സർക്കാരാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ജൂൺ 29ന് ഇതു സംബന്ധിച്ച് ഗവർണർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഡോ. ജാൻസി ജയിംസ്, പ്രഫ. ബട്ടു സത്യനാരായണ എന്നിവരെയാണ് സെർച്ച് കമ്മിറ്റി അംഗങ്ങളായി നിയോഗിച്ചിരിക്കുന്നത്. എന്നാൽ ചാൻസലർ, യുജിസി, സെനറ്റ് എന്നിവയുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്നതായിരിക്കണം സെർച്ച് കമ്മിറ്റി എന്ന യുജിസി ചട്ടത്തിന് വിരുദ്ധമാണ് ഗവർണറുടെ വിജ്‍ഞാപനമെന്ന് സർക്കാർ ഹർജിയിൽ വാദിച്ചു. മാത്രമല്ല, ജൂലൈ 1ന് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.

English Summary:

Kerala High Court Halts Governor's Search Committees for Vice-Chancellor Appointments at 3 Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com