‘യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് നീക്കുന്നു; എത്രയും പെട്ടെന്ന് അർജുനെ കണ്ടെത്താനാകും’
Mail This Article
കോട്ടയം∙ കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിലിൽപെട്ട് കാണാതായ അർജുനായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് ഉത്തര കന്നഡയിലെ കുന്ത ഡിവിഷനിലെ അസിസ്റ്റന്റ് സബ്കലക്ടർ കല്യാണി വെങ്കിടേഷ് കാബ്ളെ മനോരമ ഓൺലൈനോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഉത്തര കന്നഡയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണെന്നും ഇപ്പോഴും പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണെന്നും കല്യാണി പറഞ്ഞു.
‘‘റോഡിലെ മണ്ണ് മുഴുവൻ നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ യന്ത്രങ്ങളുടെ സഹായത്തോടെ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാനാണ് ശ്രമം നടത്തുന്നത്. ഭാരത് ബെൻസിന്റെ ഒരു ലോറി കുടുങ്ങികിടക്കുന്നതായി അറിഞ്ഞിട്ടുണ്ട്. മണ്ണ് പൂർണമായും മാറ്റിയാലേ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സാധിക്കു. സ്ഥലത്ത് ശക്തമായ മഴയാണ്. അത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. സർക്കാർ പൂർണ സജ്ജമാണ്. എൻഡിആർഫ്, ഫയർഫോഴ്സ്, പൊലീസ് എന്നിവരെല്ലാം സംഭവ സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ഇതുവരെ 6 മൃതദേഹം സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ അർജുൻ ഇല്ല എന്ന സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് അർജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ’’– കല്യാണി പറഞ്ഞു.
കുടുംബം പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാൻ താൽപര്യമില്ലെന്നും സബ് കലക്ടർ കല്യാണി കാംബ്ളെ പറഞ്ഞു.