കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ചു; അർജുനായി തിരച്ചിൽ ഊർജിതമാക്കുമെന്ന് അറിയിച്ചു: എം.കെ.രാഘവൻ
Mail This Article
കോഴിക്കോട്∙ കർണാടക അങ്കോളയിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുമെന്നു കർണാടക മുഖ്യമന്ത്രി അറിയിച്ചെന്ന് എം.കെ.രാഘവൻ എംപി മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു രാവിലെ അടിയന്തരമായി യോഗം ചേർന്നു. കാർവാറിൽ നിന്ന് നേവി എത്തി തിരച്ചിൽ നടത്തുന്നതിനായി നിർദേശം നൽകിയെന്നു മുഖ്യമന്ത്രി അറിയിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായും സംസാരിച്ചു. വളരെ ഗൗരവത്തോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹവും അറിയിച്ചു. എന്നാൽ അർജുൻ എവിടെയാണെന്നുള്ള കാര്യം സ്ഥിരീകരിക്കാൻ സാധിച്ചില്ല. ജിപിഎസ് സിഗ്നൽ പ്രകാരം ലോറി മണ്ണിനടിയിലാണെന്നാണ് അറിയാൻ സാധിക്കുന്നത്. അർജുൻ ലോറിയിലുണ്ടോ എന്നറിയില്ല. കർണാടക മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണു രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നത്’’– എം.കെ.രാഘവൻ പറഞ്ഞു.
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ചൊവ്വാഴ്ചയാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. ചൊവ്വാഴ്ച രാത്രി തന്നെ കുടുംബം പൊലീസിൽ പരാതി നൽകി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്നാണ് അർജുന്റെ ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിച്ചത്. ഇതോടെ ബുധനാഴ്ച ബന്ധുക്കൾ അങ്കോളയിലെത്തി. തിരച്ചിൽ കാര്യക്ഷമമല്ലാതെ വന്നതോടെ എം.കെ.രാഘവൻ എംപിക്കുൾപ്പെടെ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഉന്നതതല ഇടപെടൽ ഉണ്ടായത്.