ADVERTISEMENT

സോൾ∙ വിദേശ സഞ്ചാരികളെ രാജ്യത്തേക്കടുപ്പിക്കാനുള്ള ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പുത്തൻ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. വോൻസാൻ– കൽമ തീരദേശത്ത് നിർമിക്കുന്ന ടൂറിസം സോൺ അടുത്ത വർഷം മേയിൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. നിരവധി പ്രതിസന്ധി നേരിട്ട പദ്ധതി 2025ൽ തുറന്ന് നൽകുമെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് റിസോർട്ടാണ് ഇവിടെ ഒരുക്കുന്നതെന്നും കിം ജോങ് ഉൻ അഭിപ്രായപ്പെട്ടെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

605 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ടൂറിസം സോണിൽ ആയിരക്കണക്കിന് മുറികളുള്ള ആഡംബര ഹോട്ടലുകളും റിസോർട്ടുകളുമാണുള്ളത്. 2018ൽ ആരംഭിച്ച പദ്ധതി നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോയി. 2019ൽ ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചെങ്കിലും കോവിഡിന് പിന്നാലെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. അമേരിക്കയുടെ ഉപരോധം മൂലം നിർമാണ സാമഗ്രികൾ ലഭിക്കാതിരുന്നതും പദ്ധതിയെ പ്രതിസന്ധിയിലാക്കി. 

കഴിഞ്ഞ ദിവസം കിം ജോങ് ഉൻ ടൂറിസം സോണിലെത്തി അവസാനഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. തന്റെ ആദ്യ സന്ദർശനത്തിൽ അമ്യൂസ്മെന്റ് പാർക്ക്, വിനോദത്തിനുള്ള ഇടം, ശരിയായ മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവയുടെ ആവശ്യവും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. സേവനത്തിന്റെയും പ്രവർത്തനങ്ങളുടെയും നിലവാരം കുറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ടൂറിസ്റ്റ് സോണിലേക്ക് ‘വിദേശ സുഹൃത്തുക്കളെ’ ക്ഷണിക്കാൻ താൽപര്യമുണ്ടെന്ന് കിം പറഞ്ഞതായി നേരത്തേ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിലുള്ളവരെ ടൂറിസം കേന്ദ്രത്തിലേക്ക് ക്ഷണിക്കുമോ എന്നതിൽ വ്യക്തതയില്ല. റഷ്യയും ചൈനയുമടക്കമുള്ള ഉത്തര കൊറിയയുമായി സൗഹൃദം സൂക്ഷിക്കുന്ന രാജ്യത്തിലെ പൗരൻമാർക്ക് മാത്രമായിരിക്കും പ്രവേശനം എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഉത്തര കൊറിയയിലെത്തുന്ന വിദേശ സഞ്ചാരികളിൽ വലിയൊരു പങ്കും റഷ്യയില്‍ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാർ ഉത്തര കൊറിയ സന്ദർശിക്കുന്നതിന് സുരക്ഷിതമല്ലെന്ന നിർദേശം നൽകിയിട്ടുണ്ട്.

English Summary:

North Korea announces opening of long-abandoned ‘Tourist City’ in May 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com