സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ചോ? വസ്തുത ഇതാണെന്ന് ചീഫ് സെക്രട്ടറി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയോഗിച്ചു ഉത്തരവിറക്കിയോ? വസ്തുതയ്ക്കു നിരക്കാത്ത വാർത്താണിതെന്നു ചീഫ് സെക്രട്ടറി വി.വേണു. വിദേശ കാര്യം കേന്ദ്രസർക്കാരിന്റെ വിഷയമാണ് എന്ന അടിസ്ഥാന വസ്തുത അറിയാത്തവരല്ല സർക്കാരിൽ ഇരിക്കുന്നവർ. വിദേശ ഏജൻസികളുമായും എംബസികളുമായും സ്ഥാപനങ്ങളുമായും ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്സ്റ്റേണൽ കോ ഓർഡിനേഷൻ ഡിവിഷൻ രൂപീകരിച്ചത്. സമീപ കാലം വരെ സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ഇതിന്റെ ചുമതല. അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയപ്പോൾ ചുമതല വാസുകിക്ക് നൽകിയതാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
‘‘ പല വിദേശ ഏജൻസികൾ, വിദേശരാജ്യങ്ങളുടെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രതിനിധി സംഘങ്ങൾ തുടങ്ങിയവ സംസ്ഥാന സർക്കാരിനോടും അതുപോലെ മറ്റു സംസ്ഥാന സർക്കാരുകളോടും നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ വ്യാവസായിക സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുവാനുള്ള ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറുണ്ട്. പുതിയ ബന്ധങ്ങൾ തേടാറുണ്ട്. മുൻ വർഷങ്ങളിൽ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ഇതുപോലെയുള്ള ചർച്ചകളുടെ എണ്ണം കൂടി വന്നപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട കോ ഓർഡിനേഷൻ ആവശ്യമെന്ന് കണ്ടു. അതിനായി കുറച്ചു കാലം മുമ്പ് ഉണ്ടാക്കിയ സംവിധാനമാണ് എക്സ്റ്റേണൽ കോ ഓർഡിനേഷൻ എന്ന ഡിവിഷൻ’’
‘‘സമീപ കാലം വരെ സംസ്ഥാന സർവീസിൽ ഉണ്ടായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയ്ക്കായിരുന്നു ഇതിന്റെ ചുമതല. അദ്ദേഹം കേന്ദ്ര സർവീസിലേക്ക് പോയപ്പോൾ വാസുകിക്ക് നൽകി. എന്താണ് ചെയ്യേണ്ടത് എന്നുള്ളത് ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിദേശരാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാനും കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ പെടുന്ന വിഷയങ്ങളിൽ കൈ കടത്താനുമല്ല, മറിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഈ കാര്യങ്ങൾ സർക്കാർ ചെയ്തത്’’–വേണു പറഞ്ഞു.