പൂജ ഖേദ്കറിന്റെ എംബിബിഎസ് പഠനവും സംശയ നിഴലിൽ; പഠിച്ചത് പട്ടികവർഗ സംവരണ സീറ്റിൽ
Mail This Article
ന്യൂഡൽഹി∙സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടുന്ന പ്രൊബേഷനറി ഐഎഎസ് ഓഫിസർ പൂജ ഖേദ്കറുടെ എംബിബിഎസ് പഠനവും സംശയ നിഴലിൽ. പട്ടികവർഗ സംവരണ സീറ്റിലാണ് പൂജ എംബിബിഎസ് പഠിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കൽ കോളജിൽ ഗോത്രവിഭാഗമായ 'നോമാഡിക് ട്രൈബ്-3 ' വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലാണ് പൂജ ഖേദ്കർ എംബിബിഎസ് പഠനം നടത്തിയതെന്നാണ് റിപ്പോർട്ട്. പൂജ എങ്ങനെയാണ് സംവരണ സീറ്റിൽ പ്രവേശനം നേടിയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
നേരത്തെ യുപിഎസ്‌സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂജയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പരീക്ഷാ അപേക്ഷയിൽ തട്ടിപ്പ് നടത്തിയതിനും കാഴ്ച പരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പൂജയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും പൂജയ്ക്കെതിരെ കേസുണ്ട്. മാതാപിതാക്കളായ ദിലീപും മനോരമ ഖേദ്കറും വേർപിരിഞ്ഞതായി കാണിച്ച ശേഷം വ്യാജ വരുമാന സർട്ടിഫിക്കറ്റാണ് പൂജ യുപിഎസ്‌സി പരീക്ഷയ്ക്കായി നേരത്തെ സമർപ്പിച്ചിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് പൂജയ്ക്കെതിരായ വിവിധ ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ പൂജയുടെ ഐഎഎസ് റദ്ദാക്കും.