ADVERTISEMENT

കോട്ടയം∙ പരിചയക്കാരെ കാണുമ്പോൾ പ്രകാശം പരത്തുന്ന ചിരി സമ്മാനിക്കുമായിരുന്നു ഫാ.ഡോ. ടി.ജെ.ജോഷ്വ. തന്നെ തോൽപ്പിക്കാനെത്തിയ കാൻസറിനെ നോക്കിയും ഫാദർ ഇതേ ചിരി ചിരിച്ചു. ‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ ഒട്ടേറെപ്പേരെ രോഗക്കിടക്കയിൽ നിന്നെഴുന്നേൽപിച്ച ഫാ.ജോഷ്വയെ രോഗശയ്യയിലാക്കാൻ അർബുദം രണ്ടുവട്ടം വന്നു. രണ്ടു തവണയും തോറ്റു മടങ്ങി.

നിരവധി രോഗങ്ങളെ കുട്ടിക്കാലത്ത് അതിജീവിച്ച ഫാ.ജോഷ്വയ്ക്ക് ഇതൊന്നും വെല്ലുവിളിയായിരുന്നില്ല. അഞ്ചാം വയസ്സിൽ കുഞ്ഞിന് ടൈഫോയ്‌ഡ് ബാധിച്ചപ്പോൾ അദ്ദേഹത്തിന്റെ മാതാവ് പ്രാർഥിച്ചത് ഇങ്ങനെ: രോഗം മാറ്റിയാൽ മകനെ ദൈവത്തിനു സമർപ്പിക്കാം. സൗഖ്യം പ്രാപിച്ച മകനെ അമ്മ ഓർമിപ്പിച്ചു; ജീവിതം ഇനി ദൈവത്തിന്റെ കൂടെയാവണം. സഭാപ്രവർത്തനങ്ങൾക്കു പുറമേ കാരുണ്യമേഖലയിലും അദ്ദേഹം സജീവമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിനു സമീപം കാൻസർ രോഗികൾക്കായി പ്രവർത്തിച്ചു വരുന്ന കാരുണ്യനിലയത്തിന്റെ ഡയറക്‌ടറായും ഫാ.ജോഷ്വ പ്രവർത്തിച്ചു.

ഒരിക്കൽ കണ്ണൂർ സെൻട്രൽ ജയിലിലെ ഒരു തടവുകാരന്‍ ഫാ. ജോഷ്വയ്ക്ക് കത്തെഴുതി. ‘ഇന്നത്തെ ചിന്താവിഷയം’ തനിക്കു നല്ലവഴിക്ക് നീങ്ങാൻ പ്രേരണ നൽകിയെന്നും ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിനാളുകൾക്ക് സ്വയം തിരുത്താൻ അങ്ങയുടെ പുസ്‌തകങ്ങൾ വേണമെന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്. കേരളത്തിലെ എല്ലാ ജയിലുകളിലും ജുവനൈൽ ഹോമുകളിലും ഫാ.ജോഷ്വ എഴുതിയ പുസ്തകങ്ങളെത്തിച്ചു.

കാരാപ്പുഴ മാർ ഗ്രിഗോറിയോസ്, ചങ്ങനാശേരി സെന്റ് തോമസ്, കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, പള്ളം സെന്റ് പോൾസ്, ആർപ്പൂക്കര മാർ ഗ്രിഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിലായി 50 വർഷം വൈദികനായിരുന്നു. ഓർത്തഡോക്സ് സെമിനാരി ഗവേണിങ് ബോർഡ് അംഗം, ദിവ്യബോധനം അൽമായ വേദശാസ്ത്രപഠന പദ്ധതി സ്ഥാപക ഡയറക്ടർ, കൃപാ പ്രയർ ഫെലോഷിപ് സ്ഥാപക പ്രസിഡന്റ്, സെമിനാരി പാരിഷ് മിഷൻ സ്ഥാപക ഡയറക്ടർ, യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ ജനറൽ, കോട്ടയം മാർ ഗ്രിഗോറിയോസ് കാരുണ്യനിലയം ഡയറക്ടർ, ഓർത്തഡോക്സ് സഭാ വിഷ്വൽ മീഡിയ പ്രോജക്ട് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

English Summary:

Remembering Rev Fr TJ Joshua

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com