ADVERTISEMENT

കോട്ടയം ∙ ‘ഇന്നത്തെ ചിന്താവിഷയ’ത്തിലൂടെ മൂന്നു പതിറ്റാണ്ടിലേറെ മലയാളി മനസ്സിൽ സദ്‌ചിന്തകളുടെ പ്രകാശം പരത്തിയ ഫാ.ഡോ. ടി.ജെ. ജോഷ്വ (96) അന്തരിച്ചു. കുറിച്ചി മന്ദിരം കവലയ്ക്കു സമീപമുള്ള വീട്ടിൽ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം മന്ദിരം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മലങ്കര ഓർത്തഡോക്സ് സഭ വർക്കിങ് കമ്മിറ്റി അംഗവും പരിശുദ്ധ കാതോലിക്കാ ബാവായുടെ ആലോചനാസമിതിയിൽ അംഗവുമായിരുന്നു.

അരനൂറ്റാണ്ടിലധികമായി ഓർത്തഡോക്സ് വൈദിക സെമിനാരിയിലെ അധ്യാപകനുമായിരുന്നു. വൈസ് പ്രിൻസിപ്പലും ആക്ടിങ് പ്രിൻസിപ്പലുമായി പ്രവർത്തിച്ചു. വേദപുസ്തക വ്യാഖ്യാതാവ്, പ്രഭാഷകൻ, സാമൂഹിക പ്രവർത്തകൻ, ഗ്രന്ഥകാരൻ, സുവിശേഷ പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെട്ട അദ്ദേഹത്തെ 2016ൽ മലങ്കര ഓർത്തഡോക്സ് സഭ ‘മലങ്കര സഭാ ഗുരുരത്നം’ എന്ന സ്ഥാനനാമം നൽകി ആദരിച്ചു. മലയാള മനോരമ ‘ഞായറാഴ്ച’യിൽ 1990 മുതൽ തുടർച്ചയായി 33 വർഷം ‘ഇന്നത്തെ ചിന്താവിഷയം’ എഴുതി. ബൈബിൾ, ഇടയശുശ്രൂഷ, കൗൺസലിങ്, ആധ്യാത്മിക പ്രബോധനം എന്നീ വിഷയങ്ങളിൽ ഇംഗ്ലിഷിലും മലയാളത്തിലുമായി എഴുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചു. ആകാശവാണി ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 

രണ്ടു തവണ മലങ്കര ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്. എപ്പിസ്കോപ്പൽ ഇലക്‌ഷൻ സ്ക്രീനിങ് കമ്മിറ്റി അംഗവുമായിരുന്നു. 1929 ഫെബ്രുവരി 13ന് കോന്നി കൊന്നപ്പാറ തെക്കിനേത്ത് ടി.വി. ജോണിന്റെയും റാഹേലമ്മ ജോണിന്റെയും മകനായി ജനിച്ചു. 1946ൽ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസിന്റെ ശിഷ്യത്വം സ്വീകരിച്ചു. എംഡി സെമിനാരിയിൽ വൈദിക പരിശീലനം. 1956ൽ വൈദികനായി. കോട്ടയം സിഎംഎസ് കോളജിലും ആലുവ യുസി കോളജിലും വിദ്യാർഥിയായിരുന്നു. ധനതത്വശാസ്ത്രത്തിൽ ‍ ബിരുദവും കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും നേടി.

1954ൽ കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ അധ്യാപകനായി. ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ജറുസലേമിലെ താണ്ടൂർ എക്യൂമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ നിയമത്തിൽ ഗവേഷണവും നടത്തി. കൊൽക്കത്തയിലെ സെറാംപുർ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി. ഭാര്യ: മീനടം ആലയ്ക്കാംപറമ്പിൽ ഫാ. എ.സി. ജേക്കബിന്റെ മകൾ പരേതയായ ഡോ. മറിയാമ്മ ജോഷ്വ (ആരോഗ്യവകുപ്പ് മുൻ അസോഷ്യേറ്റ് ഡയറക്ടർ ജനറൽ). മക്കൾ: ഡോ. റോയി ജോഷ്വ (പ്രഫസർ കൊളംബസ് സർവകലാശാല, യുഎസ്) ഡോ. രേണു ജോളി (ഗൈനക്കോളജി കൺസൽറ്റന്റ്) മരുമക്കൾ: റോഷിനി ജോഷ്വ (യുഎസ്എ), ഡോ. ജോളി വി. മാത്യു (കൺസൽ‍റ്റൻറ് ഫിസിഷ്യൻ).

ജന്മനാടുമായി ഇഴപിരിയാത്ത ബന്ധം

കർമ മണ്ഡലം കോട്ടയത്തായിരുന്നെങ്കിലും ജന്മനാടുമായും കുടുംബവുമായുമുള്ള ബന്ധം നിലനിർത്തുന്നതിൽ  ശ്രദ്ധാലുവായിരുന്നു അന്തരിച്ച ഫാ.ഡോ.ടി.ജെ.ജോഷ്വ.  1964ൽ ശെമ്മാശനായി. വൈദിക പട്ടം ലഭിച്ചതോടെയാണ് ജന്മദേശമായ കൊന്നപ്പാറയിൽനിന്നു കോട്ടയത്തേക്കു പോയത്.  മാതാപിതാക്കളുടെയും മരിച്ചുപോയ സഹോദരങ്ങളുടെയും ഓർമദിവസം കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ഓർമക്കുർബാന അർപ്പിക്കാൻ എത്തുമായിരുന്നു.

English Summary:

Rev. Fr. Dr. T. J. Joshua Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com