മരണം അന്ത്യമോ, ആരംഭമോ?
Mail This Article
ജീവിതം എന്ന പോലെ മരണവും യാഥാർഥ്യമാണ്. എങ്കിലും മരണം നമുക്കു പേടിസ്വപ്നമാണ്. ആ വാക്കുച്ചരിക്കാൻ പോലും പലരും ഇഷ്ടപ്പെടുന്നില്ല. മരണത്തെ കയ്പോടെ കാണുന്നതിനും ഭയത്തോടെ ചിന്തിക്കുന്നതിനും കാരണം മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നു എന്ന ധാരണയാണ്. അതിനപ്പുറം ഒന്നുമില്ല, എല്ലാം ശൂന്യം. ഭൗതികവാദികളാണ് ഇത്തരം ചിന്ത പുലർത്തുന്നത്. പദാർഥമായതിൽ മാത്രമാണ് അവരുടെ വിശ്വാസവും ആശ്രയവും.
-
Also Read
പയ്യനാമണ്ണിലെ പഴയ കൂട്ടുകാർ
മാഡം മേരി ക്യൂറിയെപ്പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. അവരും ഭർത്താവും ഒരുമിച്ച് ശാസ്ത്ര ഗവേഷണത്തിൽ തപസ്യ തന്നെ അനുഷ്ഠിച്ചു. വളരെയേറെ യാതനകളും വേദനകളും ത്യാഗങ്ങളും സഹിച്ചാണ് ഇന്നും മനുഷ്യരാശിക്ക് ഏറ്റവും വലിയ അനുഗ്രഹമായിത്തീർന്ന റേഡിയം അവർ കണ്ടുപിടിച്ചത്. അവർ തികഞ്ഞ ഭൗതികവാദികളായിരുന്നു. മിസ്റ്റർ ക്യൂറി ഒരു അപകടത്തിൽ മരണമടഞ്ഞപ്പോൾ മാഡം ക്യൂറി ഉച്ചരിച്ച വാക്കുകൾ അവരുടെ ജീവിതദർശനം വെളിപ്പെടുത്തുന്നതായിരുന്നു. It is the end of everything, everything, everything. ഇതോടെ എല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാം, എല്ലാം, എല്ലാം. ആ വാക്കുകളിൽ കടുത്ത നൈരാശ്യം പ്രതിധ്വനിക്കുന്നു. മരണത്തോടെ എല്ലാം അവസാനിക്കുന്നു. അതിനപ്പുറം ഒന്നുമില്ല എന്നതായിരുന്നു അവരുടെ ചിന്ത.
ഈശ്വരവിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ പോലും മരണത്തിന്റെ മുന്നിൽ ഭയപ്പെടുകയും അസ്വസ്ഥരാകുകയും ചെയ്യാറുണ്ട്. അതു വെളിപ്പെടുത്തുന്നത് അവരുടെ വിശ്വാസം വെറും പൊള്ളയാണെന്നാണ്. പ്രായോഗിക തലത്തിൽ അവർ ഭൗതികവാദികൾ തന്നെ. ഒരു യഥാർഥ വിശ്വാസിക്ക് മരണത്തെ ഭയമില്ല. അയാൾ ചോദിക്കും; ഹേ മരണമേ നിന്റെ വിജയം എവിടെ?, വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?, മരണത്തിന്റെ ശക്തിയെ തങ്ങളുടെ രക്ഷകൻ പരാജയപ്പെടുത്തി എന്ന് വിശ്വാസികൾ അറിയുന്നു. ഇതിനു പ്രത്യക്ഷ ഉദാഹരണമാണ് ഡെട്രിക് ബോൺഹോഫർ. അദ്ദേഹം ഹിറ്റ്ലറുടെ നാത്‌സി ഭരണകാലത്ത് വേട്ടയാടപ്പെട്ട വ്യക്തിയായിരുന്നു. ആ യുവ വേദശാസ്ത്രജ്ഞൻ പീഡനത്തിന്റെയും ഭീഷണിയുടെയും മുൻപിൽ ഒട്ടും പതറിപ്പോയില്ല. അദ്ദേഹം കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടു. തൂക്കിക്കൊല്ലുവാനുള്ള കൽപനയും വന്നു. 1945ൽ അദ്ദേഹം മരിക്കുന്നതിന്റെ തലേരാത്രിയിൽ പ്രത്യാശ നിറഞ്ഞ ഹൃദയത്തോടും പ്രസന്ന മുഖത്തോടും കൂടി പറഞ്ഞു: ‘എനിക്ക് ഇതൊരു ആരംഭമാണ്.’
മരണം അന്ത്യം എന്നല്ല, ഒരു ആരംഭമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു പുതിയ ജീവിതത്തിന്റെ, പുതിയ അനുഭവത്തിന്റെ ആരംഭം. വേദനയുടെയും ഏകാന്തതയുടെയും ദുഃഖത്തിന്റെയും യാതനയുടെയും അന്ത്യമാണ് മരണത്തോടെ സംഭവിക്കുന്നത്. പിന്നീട് ഇവയൊന്നും ഇല്ലാത്ത ഒരു ജീവിതത്തിന്റെ ആരംഭമുണ്ടാകും. ആ ജീവിതത്തെപ്പറ്റി പ്രത്യാശ നിറഞ്ഞ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇതാ ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും. അവർ അവിടുത്തെ ജനം ആയിരിക്കും. അവിടുന്ന് അവരുടെ ദൈവമായിരിക്കുകയും ചെയ്യും. അവരുടെ കണ്ണിൽ നിന്ന് കണ്ണീരെല്ലാം അവിടുന്ന് തുടച്ചുകളയും. മരണമോ കരച്ചിലോ വിലാപമോ വേദനയോ ഇനി ഉണ്ടാവുകയില്ല. എന്തെന്നാൽ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.
മേൽവിവരിച്ച പ്രകാരമുള്ള ഒരു അനുഭവം കാത്തിരിക്കുന്നു എന്ന വിശ്വാസം പുലർത്തിയ ഒരാൾ എഴുതി; എനിക്ക് മരിക്കുന്നത് ലാഭമാണ്. മരണം നഷ്ടമായിത്തോന്നുന്നത് ആർക്കാണ്? ഈ ലോകജീവിതത്തിൽ മാത്രം വിശ്വാസം അർപ്പിച്ചും അതിൽ പ്രത്യാശ പുലർത്തിയും കഴിയുന്ന ഒരാൾക്ക് മരണം തീരാനഷ്ടമാണ്; ഒടുങ്ങാത്ത ദുഃഖവും. എന്നാൽ മരണത്തെ ജയിച്ച രക്ഷകനിൽ വിശ്വാസമർപ്പിച്ചവർക്ക് മരണം അന്ത്യമല്ല, പുതിയ ഒന്നിന്റെ ആരംഭം മാത്രം.