പയ്യനാമണ്ണിലെ പഴയ കൂട്ടുകാർ
Mail This Article
കോട്ടയം ∙ കോന്നിയിൽ ബാല്യകാലത്ത് അയൽവാസികളായിരുന്നു ഫാ.ഡോ. ടി.ജെ.ജോഷ്വയും എൻഎസ്എസിന്റെ മുൻ പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായരും.
‘പുളിമൂട്ടിൽ മണിയനും തെക്കിനേത്ത് അച്ചൻകുഞ്ഞുമായിരുന്നു ഞങ്ങൾ...’: എൻഎസ്എസ് മുൻ പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായരുമായുള്ള ബന്ധത്തെപ്പറ്റി ഫാ.ടി.ജെ ജോഷ്വ ഒരിക്കൽ പറഞ്ഞതാണിത്. കോന്നി പയ്യനാമണ്ണിൽ നിലത്തെഴുത്തുകളരി മുതൽ ഒരുമിച്ചു പഠിച്ചു. ദീർഘകാലം ആ സൗഹൃദം കാത്തുസൂക്ഷിച്ചു. മരണത്തിലും ആ അടുപ്പം ഇരുവരും കാത്തുസൂക്ഷിച്ചു. നരേന്ദ്രനാഥൻ നായരുടെ മരണം 2022 ജൂലൈ 19ന്. ഫാ.ജോഷ്വയുടെ വേർപാട് ഇന്നലെ–ജൂലൈ 20നും !
‘രാവിലെ മണിയന്റെ (നരേന്ദ്രനാഥൻ നായർ) വീട്ടിലേക്കു ഞാനെത്തും. അവിടെ നിന്നു കാപ്പി കുടിച്ച ശേഷമാണ് നിലത്തെഴുത്തുകളരിയിൽ ഞങ്ങൾ പോയിരുന്നത്’– അന്ന് അച്ചൻകുഞ്ഞ് എന്ന് അറിയപ്പെട്ടിരുന്ന ഫാ. ജോഷ്വയുടെ വാക്കുകൾ. കോന്നി എൻഎസ്എസ് മിഡിൽ സ്കൂളിലും പിന്നീട് കെകെഎൻഎം സ്കൂളിലുമാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. ബിരുദം നേടിയപ്പോൾ ജന്മനാട്ടിൽ ഇരുവർക്കും പൗരസ്വീകരണം ഒരുക്കിയിരുന്നു. കോട്ടയം പഴയ സെമിനാരിയിൽ ഫാ.ടി.ജെ. ജോഷ്വയുടെ പേരിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചത് നരേന്ദ്രനാഥൻ നായരാണ്.