ADVERTISEMENT

ധാക്ക∙1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്കു സർക്കാർ ജോലികളിൽ 30ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി. 93 ശതമാനം സർക്കാർ ജോലികളും ക്വാട്ടകളില്ലാതെ മെറിറ്റിൽ ഉദ്യോഗാർഥികൾക്കു ലഭ്യമാകുമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബാക്കി വരുന്ന 7 ശതമാനത്തിൽ 5 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ ബന്ധുക്കൾക്കു ലഭിക്കും. മറ്റു വിഭാഗങ്ങൾക്ക് രണ്ട് ശതമാനം സംവരണവും ലഭിക്കുമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു സുപ്രീംകോടതി തീരുമാനം. രാജ്യമാകെ നടന്ന പ്രക്ഷോഭത്തിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 150ൽ അധികം പേർ കൊല്ലപ്പെട്ടു.

സംവരണ ഉത്തരവു വിവേചനപരമാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയെ പിന്തുണയ്ക്കുന്നവർക്ക് അനുകൂലമാണെന്നും ആരോപിച്ചാണു ധാക്കയിൽ പ്രക്ഷോഭം തുടങ്ങിയത്. എന്നാൽ പ്രക്ഷോഭം വൈകാതെ രാജ്യമെങ്ങും വ്യാപിച്ചു. പ്രക്ഷോഭകാരികൾക്കു പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ പിന്തുണ ലഭിച്ചതോടെ രാജ്യമെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടു. സംവരണ വിഷയത്തിനു പുറമെ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉന്നയിച്ചായിരുന്നു പ്രതിഷേധം.

പ്രക്ഷോഭകാരികളെ സൈന്യത്തെ ഇറക്കിയാണു പ്രസിഡന്റ് ഷെയ്ഖ് ഹസീന പ്രതിരോധിച്ചത്. രാജ്യമെങ്ങും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ പ്രക്ഷോഭകാരികൾ നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയില്‍ തകർത്തു നൂറ് കണക്കിന് തടവുകാരെ മോചിപ്പിച്ചിരുന്നു. എറ്റുമുട്ടലിൽ ഇതുവരെ 2500 ലധികം പേർക്ക് പരുക്കേറ്റതായാണു റിപ്പോർട്ട്. തലസ്ഥാന നഗരമായ ധാക്കയിൽ മാത്രം 52 പേരാണ് മരിച്ചത്.

പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലദേശിൽ സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികളാണു രാജ്യത്തേക്കു തിരിച്ചു വരുന്നത്. ത്രിപുര, മേഘാലയ അതിർത്തികൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്.

English Summary:

Bangladesh Supreme Court Overturns Job Quota for Freedom Fighters’ Descendants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com