‘കുത്തിവയ്പ് എടുക്കുന്നതിനു ഒരു മിനിറ്റ് മുൻപ് വരെ അമ്മയോടു സംസാരിച്ചതാണ്’: കൃഷ്ണയുടെ മരണത്തിൽ ബന്ധുക്കൾ
Mail This Article
തിരുവനന്തപുരം∙ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ മാതാവായ യുവതി കുത്തിവയ്പ് എടുത്തതിനു പിന്നാലെ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പൻ(28) ഇന്നു രാവിലെയാണു മരിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതിയാണു മരിച്ചത്.
കിഡ്നി സ്റ്റോണ്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിയ യുവതി കുത്തിവയ്പെടുത്തതിനു പിന്നാലെ അബോധാവസ്ഥയിലായെന്നാണു ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയില്‍ ചികിത്സിച്ച ഡോക്ടര്‍ വിനുവിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. യുവതിക്ക് അലര്‍ജി ഉള്‍പ്പെടെയുളള പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിനുള്ള പരിശോധന നടത്താതെയെടുത്ത കുത്തിവെയ്പാണ് പ്രശ്നമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
‘‘ഇപ്പോ അരമണിക്കൂറേ ആയുള്ളൂ മരിച്ചെന്നു പറഞ്ഞിട്ട്. യൂറിന്‍ ഇൻഫെക്‌ഷനെന്നു പറഞ്ഞാണ് പെങ്ങള് ആശുപത്രിയിലേക്കു പോയത്. കുത്തിവയ്പ് എടുക്കുന്നതിനു ഒരു മിനിറ്റ് മുൻപ് വരെ അമ്മയോടു സംസാരിച്ചതാണ്. അതുവരെ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അവര് തന്ന സാംപിൾ താഴെ പരിശോധനയ്ക്കു കൊടുത്തിട്ടു തിരികെ വരുമ്പോൾ ആളെ ശ്വാസം കിട്ടാതെ, ബോധമില്ല എന്ന അവസ്ഥയിലാണ് കാണുന്നത്. രണ്ടു–മൂന്നു ഡോക്ടർമാർ വന്നു സിപിആർ കൊടുക്കുന്നു, ചെറിയ ജീവനുണ്ടെന്നു പറയുന്നു... അങ്ങനെയൊക്കെ. എന്തു മരുന്നാണ് കുത്തിവയ്പ് എടുത്തതെന്ന് ചോദിച്ചിട്ടുപോലും അവർ പറഞ്ഞില്ല’’ – സഹോദരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
മരുന്നല്ല, കുത്തിവയ്പ്പാണ് എടുത്തതെന്ന് ഡോക്ടർ പറയുന്നതിന്റെ വോയിസ് ക്ലിപ് കൈവശമുണ്ടെന്ന് ഭർത്താവായ ശരത് അറിയിച്ചു. ‘‘ഏതു കുത്തിവയ്പ്പാണ് കൊടുത്തതെന്ന് ഞങ്ങൾക്ക് അറിയില്ല. ഗ്യാസിന്റെ കുത്തിവയ്‌പ്പന്നൊക്കെ പറയുന്നു. ആളില്ലാത്ത സമയത്ത് ഏത് കുത്തിവയ്പ്പാണ് എടുത്തതെന്ന് ഞങ്ങൾക്ക് എങ്ങനെ അറിയാം. ഈ സംഭവം കണ്ടൊരാൾ 16ാം വാർഡിലോ 17ാം വാർഡിലോ ഉണ്ട്. കണ്ട സംഭവങ്ങൾ അയാളും സഹോദരിയും വന്നു പറയാമെന്നാണ് പറഞ്ഞത്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബന്ധുക്കളുടെ ആരോപണം ഇന്നലെ തന്നെ ഡോക്ടര്‍മാരുടെ സംഘടനയും , ആശുപത്രിയും നിഷേധിച്ചിരുന്നു. പാന്‍റാപ്രസോള്‍ എന്ന മരുന്നു മാത്രമാണ് കൃഷ്ണയ്ക്കു നല്‍കിയതെന്നുമാണ് വിശദീകരണം.