ADVERTISEMENT

ബെംഗളൂരു∙ കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുളള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്. തിരച്ചിലിനു വേണ്ടി കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ സൈന്യം എത്തിക്കും. പൂണെയിൽ നിന്നും ചെന്നൈയിൽ നിന്നുമായി കൂടുതൽ റഡാറുകൾ അടക്കം കൊണ്ടുവരും. കരയിലും വെള്ളത്തിലും തിരച്ചിൽ നടത്താനാകുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് നാളെ കൊണ്ടുവരിക. കുഴിബോംബുകൾ അടക്കം കണ്ടെത്താൻ കഴിയുന്ന ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറും ഉണ്ടാകും. വലിയ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ പുഴയിലെ മൺകൂനയിലാകാം ലോറി ഉള്ളതെന്നാണ് സൈന്യത്തിന്റെ നിഗമനം. 

അതിനാൽ റോഡിൽ ഇനി തിരച്ചിൽ തുടർന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്തു ലോറിയില്ലെന്ന വിവരമാണു തിരച്ചിൽ നടത്തിയവർ നൽകുന്നത്. അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നാണു നിഗമനം. ശേഷിക്കുന്ന മണ്ണു നീക്കിയാൽ കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അതിനു തുനിഞ്ഞേക്കില്ല.

മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു  പതിച്ചത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതായിട്ടുണ്ട്. അതേസമയം,  രാത്രി തിരച്ചിൽ നടത്തരുതെന്നു  കർശന നിർദേശമുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വെള്ളത്തിൽ തിരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും അധികൃതർ പറയുന്നു.

English Summary:

Search for Missing Arjun Extends to Gangavali River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com