ADVERTISEMENT

ന്യൂഡൽഹി∙ ബീഹാറിന് പ്രത്യേക പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കിടയിൽ വിവേചന സ്വഭാവം കാണിക്കരുതെന്ന 2012ലെ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണു കേന്ദ്രം ബിഹാറിന്റെ ആവശ്യം തള്ളിയത്. ലോക്സഭയിൽ ജെഡിയു എംപി രാം പ്രീത് മണ്ഡലിന്റെ ചോദ്യത്തിനാണു ധനകാര്യ മന്ത്രാലയത്തിന്റെ മറുപടി. ബിഹാറിന്റെ സാമ്പത്തികവും വ്യവസായികവുമായ പുരോഗതിക്കു സഹായകമായ പ്രത്യേക പദവി നൽകുമോ എന്ന ചോദ്യത്തിനാണു മറുപടി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണു മറുപടി നൽകിയത്. 

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ കക്ഷിയായ ജെഡിയു ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനും സത്യപ്രതിജ്ഞാ ചടങ്ങിനും ശേഷം കേന്ദ്രസർക്കാരിനോട് ബിഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ആവശ്യമെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് ബിഹാറിന് അനുവദിക്കുമെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു. ലോക്സഭയിൽ ഭരണപക്ഷത്ത് ഉണ്ടായിട്ടും ബിഹാറിന് പ്രത്യേക പാക്കേജ് ലഭ്യമാക്കാൻ കഴിയാത്തതു ജെഡിയുവിന്റെയും ബിജെപിയുടെയും പിടിപ്പുകേടാണെന്നു പ്രതിപക്ഷ കക്ഷികളായ ആർജെഡിയും കോൺഗ്രസും ആരോപിച്ചു. ഇതിനിടെ നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും മുറവിളി ഉയരുന്നുണ്ട്. 

മുൻകാലങ്ങളിൽ ദേശീയ വികസന കൗൺസിൽ നിരവധി സംസ്ഥാനങ്ങൾക്കു പ്രത്യേക പദവി നൽകിയിരുന്നു. മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കിൽ ഗോത്രവർഗ ജനസംഖ്യയുടെ ഗണ്യമായ പങ്ക്, അയൽരാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നാക്കാവസ്ഥ, സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവയാണ് ഇതിനുള്ള മാനദണ്ഡങ്ങൾ. എന്നാൽ ബിഹാർ ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന സംസ്ഥാനമല്ല.

English Summary:

Central Government Denies Bihar's Special Status Request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com