ഭിന്നശേഷിക്കാരനെ പൈലറ്റായി ജോലിക്കെടുക്കുമോ? ഐഎഎസ് ഉദ്യോഗസ്ഥയുടെ സംവരണവിരുദ്ധ പോസ്റ്റ് വിവാദത്തിൽ
Mail This Article
ന്യൂഡൽഹി∙ സിവിൽ സർവീസിൽ ഭിന്നശേഷിക്കാർക്കു സംവരണം നൽകുന്നതിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥ നടത്തിയ പ്രതികരണം വിവാദത്തിൽ. തെലങ്കാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സഭർവാൾ സാമൂഹ്യമാധ്യമത്തിൽ നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്. സിവിൽ സർവീസ് ശാരീരിക ക്ഷമത ആവശ്യമുള്ള ജോലിയാണെന്നും ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നതു ശരിയല്ലെന്നുമുള്ള തരത്തിലായിരുന്നു സ്മിതയുടെ പ്രതികരണം.
‘‘ഭിന്നശേഷിക്കാരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയുകയാണ്. ഏതെങ്കിലും എയർലൈനുകൾ ഭിന്നശേഷിക്കാരനെ പൈലറ്റായി ജോലിക്കെടുക്കുമോ? ഒരുപാട് സമയം ജോലി ചെയ്യേണ്ടിവരും, സംഭവസ്ഥലങ്ങളിൽ നേരിട്ടെത്തണം, പൊതുജനങ്ങളുടെ പരാതി നേരിട്ട് കേൾക്കണം ഇതൊക്കെയാണ് സിവിൽ സർവീസ് ജോലികളുടെ പൊതുസ്വഭാവം. ഇതിനെല്ലാം ശാരീരികക്ഷമത കൂടിയേ തീരൂ. എന്തുകൊണ്ടാണ് ഇത്തരം സർവീസ് ഭിന്നശേഷിക്കാർക്ക് സംവരണം നൽകുന്നത്.’’ സമൂഹമാധ്യമമായ എക്സിൽ സ്മിത പറഞ്ഞു. നിമിഷ നേരങ്ങൾക്കുള്ളിലാണ് പോസ്റ്റ് വിവാദമായത്.
വിവാദ പ്രൊബേഷനറി ഓഫിസർ പൂജ ഖേദ്കർ ഇളവുലഭിക്കുന്നതിനായി ഹാജരാക്കിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന ചർച്ചയുടെ ഭാഗമായി സ്മിത നടത്തിയ പ്രതികരണമാണു വിവാദമായത്. ഉന്നത ഉദ്യോഗസ്ഥരുടെ ചിന്തകൾ എത്ര ചെറുതാണെന്നു തെളിയിക്കുന്നതാണു സ്മിതയുടെ പോസ്റ്റെന്നാണു വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.