ബിഹാറിന് പ്രത്യേക പദവി വേണമെന്നതിൽ ഉറച്ചുനിൽക്കും; എൻഡിഎയിൽ തുടരുമെന്ന് ജെഡിയു
Mail This Article
ന്യൂഡൽഹി∙ ബിഹാറിന് പ്രത്യേക പദവിയില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനു പിന്നാലെ എൻഡിഎയിൽ തന്നെ തുടരുമെന്ന സൂചനയുമായി ജെഡിയു. ബിഹാറിന് പ്രത്യേക പദവി വേണമെന്നതിൽ ഉറച്ചു നിൽക്കുകയാണ് ജെഡിയു എന്നാണ് പാർട്ടിയുടെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. സാങ്കേതിക തടസമുണ്ടെങ്കിൽ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ബിഹാറിന് പ്രത്യേക പദവി നൽകാമെന്ന് ഉറപ്പ് നൽകിയതിന്റെ പേരിലാണ് തങ്ങൾ ഈ മുന്നണിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതെന്നും ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒഡീഷ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.
പ്രത്യേക പരിഗണന ആവശ്യമുള്ള സവിശേഷതകളുള്ള സംസ്ഥാനങ്ങൾക്ക് മുൻകാലങ്ങളിൽ പ്രത്യേക പദവി നൽകിയിരുന്നു. അതിനു കൃത്യമായ മാനദണ്ഡങ്ങളുമുണ്ടായിരുന്നു. കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയുടെ കൂടുതൽ ഭാഗം ഗോത്ര വിഭാഗങ്ങൾ, അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിൽ തന്ത്രപരമായ സ്ഥാനം, സാമ്പത്തികവും സാങ്കേതികവുമായി പിന്നാക്കാവസ്ഥ, സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവ കണക്കാക്കിയാണ് പ്രത്യേക പദവി നൽകുന്നത്.
ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം റിപ്പോർട്ട് 2012 മാർച്ച് 30 ന് സമർപ്പിച്ചിരുന്നു. ഇത് മുൻ നിർത്തിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.