ADVERTISEMENT

വാഷിങ്ടൻ∙ സ്വന്തം പാളയത്തിൽത്തന്നെ ഒറ്റപ്പെട്ടുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രസിഡന്റ് പദത്തിൽ രണ്ടാമൂഴം തേടിയുള്ള പരീക്ഷണത്തിൽനിന്ന് ജോ ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ബൈഡൻ പിന്മാറണമെന്ന് പാർട്ടിക്കകത്തും പുറത്തും കടുത്ത സമ്മർദമുയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ബൈഡൻ സ്ഥാനാർഥിയാകുന്നതു ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യകൾ ഇല്ലാതാക്കുമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായമുയർന്നു.

എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് –തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡൻ നിരന്തരം വെല്ലുവിളികൾ നേരിട്ടിരുന്നു.

പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡനെ സന്ദർശിച്ച് പിന്മാറ്റം സംബന്ധിച്ചു ചർച്ച നടത്തുകയും ചെയ്തിരുന്നു. 

ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനും അരങ്ങൊരുങ്ങി. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.

ഏറ്റവും ഒടുവിൽ നടന്ന അഭിപ്രായ സർവേ അനുസരിച്ച് പാർട്ടിയിലെ 10ൽ ആറുപേരും കമലയ്ക്ക് അനുകൂലമാണ്. കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തേടിത്തുടങ്ങിയതായും റിപ്പോർട്ടുണ്ട്. സെനറ്റർ മാർക് കെല്ലി, കെന്റക്കി ഗവർണർ ആൻഡി ബീഷർ, നോർത്ത് കാരലൈന ഗവർണർ റോയ് കൂപ്പർ എന്നിവരുടെ പേരുകളും കേൾക്കുന്നു.

ആദ്യവട്ട വോട്ടെടുപ്പിൽ 3900 പ്രതിനിധികൾക്കാണ് വോട്ടവകാശം. അതിൽ തീരുമാനമായില്ലെങ്കിൽ പാർട്ടി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമടക്കം 700 സൂപ്പർഡെലിഗേറ്റുകൾ ആർക്കെങ്കിലും ഭൂരിപക്ഷം ലഭിക്കും വരെ വോട്ട് ചെയ്ത് തീരുമാനത്തിലെത്തും.

English Summary:

Joe Biden Faces Multiple Challenges Leading to Presidential Race Exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com