അതിഥിത്തൊഴിലാളിയെ പട്ടിക്കൂട്ടിൽ താമസിപ്പിച്ച സംഭവം: ഇടപെട്ട് മന്ത്രി ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം∙ എറണാകുളം പിറവത്ത് അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വിഷയം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ലേബര്‍ കമ്മിഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. പിറവം ടൗണിലുള്ള സമ്പന്നന്റെ വീടിനോടു ചേര്‍ന്ന പട്ടിക്കൂട്ടില്‍ അതിഥി തൊഴിലാളിയായ ശ്യാം സുന്ദര്‍ വാടകയ്ക്കു താമസിക്കുന്നതു വാര്‍ത്തയായതോടെയാണ് മന്ത്രിയുടെ നടപടി.
-
Also Read
മീനച്ചിലാറ്റിൽ യുവാവ് മുങ്ങിമരിച്ചു
മൂന്നു മാസമായി ശ്യാം സുന്ദര്‍ 500 രൂപ വാടക നല്കി പട്ടിക്കൂട്ടിലാണു താമസിക്കുന്നത്. സമ്പന്നന്റെ വീടിനു പുറകിലുള്ള പഴയ വീട്ടില്‍ അതിഥി തൊഴിലാളികള്‍ വാടകയ്ക്കു താമസിക്കുന്നുണ്ട്. അവിടെ താമസിക്കാന്‍ പണമില്ലാത്തതിനാലാണു 500 രൂപയ്ക്കു പട്ടിക്കൂടില്‍ താമസിക്കുന്നതെന്നാണു ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ ശ്യാം സുന്ദര്‍ പറയുന്നത്.
നാലുവര്‍ഷമായി ശ്യാം സുന്ദര്‍ കേരളത്തിലെത്തിയിട്ട്. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടില്‍ വാടകക്കാര്‍ ഉണ്ടെന്നും ശ്യാം സുന്ദര്‍ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു. വീട്ടുടമയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്. സംഭവമറിഞ്ഞ നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു.