ADVERTISEMENT

തിരുവനന്തപുരം∙  ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്നും ബജറ്റില്‍ ദേശീയ കാഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം ഇല്ലാതാക്കി. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റിട്ടും സാധാരണക്കാരെ മറന്നുകൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഈ ബജറ്റിലൂടെ വ്യക്തമായി. കോര്‍പറേറ്റ് നികുതി കുറച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

നികുതിദായകര്‍ക്ക് ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമില്‍ പേരിനു മാത്രമുള്ള ഇളവുകളാണ് നല്‍കിയത്. ഭവന വായ്പയുള്ള ആദയ നികുതിദായകര്‍ക്ക് യാതൊരു പ്രയോജനവുമില്ല. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് പ്രകടനപത്രികയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവാക്കള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതില്‍ നിന്നും കടമെടുത്തത്. 

കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്റെ പേരില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തില്‍നിന്നും ബിജെപി എം.പിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ കൂടുതല്‍ പരിഗണിക്കുമെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നെന്നും സതീശൻ പറഞ്ഞു.

English Summary:

V.D. Satheesan Criticizes Modi Government's Budget for Neglecting Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com