ADVERTISEMENT

കാർവാർ (കർണാടക) ∙ ഷിരൂർ കുന്നിൽ കാണാതായ അർജുനും ലോറിക്കും വേണ്ടി തുടക്കത്തിൽതന്നെ പുഴയിൽ തിരച്ചിൽ നടത്താതിരുന്നത് എന്തുകൊണ്ട്? കർണാടക സർക്കാർ ആദ്യം പുഴയിൽ തിരച്ചിൽ ആരംഭിച്ചപ്പോൾ കേരളത്തിൽനിന്നുള്ള സമ്മർദം കാരണമാണോ അന്വേഷണം വീണ്ടും കുന്നിലേക്കു മാറിയത്. പുഴയിൽ ആദ്യമേ തിരച്ചിൽ നടത്താതിരുന്നത് ഷിരൂർ കുന്നിൽതന്നെ പരിശോധന വേണമെന്ന ചിലരുടെ പിടിവാശി കാരണമാണെന്നാണ് ആരോപണം. 

കുന്നിലോ ദേശീയപാതയിൽ മണ്ണിടിഞ്ഞ സ്ഥലത്തോ ലോറി ഇല്ല എന്ന നിലപാടാണ് കർണാടക തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ കേരളത്തിൽനിന്നെത്തിയ ജീവൻ രക്ഷാപ്രവർത്തകൻ അടക്കം ദേശീയപാതയിൽ മണ്ണിടിഞ്ഞ സ്ഥലത്തുതന്നെ ലോറി ഉണ്ടെന്ന് ഉറച്ചുനിന്നു. ഇതു ദൃശ്യമാധ്യമങ്ങളോട് ആവർത്തിക്കുകയും ചെയ്തു. ഇത്തരം നീക്കം കർണാടക സർക്കാരിനെയും രക്ഷാപ്രവർത്തകരെയും സമ്മർദത്തിലാക്കി. പുഴയിലേക്കുള്ള അന്വേഷണം വൈകിയതിനുള്ള പല കാരണങ്ങളിലൊന്ന് ഇതുകൂടിയാണ്.

ആദ്യം മുതൽ തന്നെ പുഴയ്ക്കു മുകളിൽ നാവികസേന പരിശോധന നടത്തിയിരുന്നെങ്കിലും പുഴയിലെ മണ്ണിനടിയിലേക്കുള്ള സാധ്യത അന്വേഷിച്ചിരുന്നില്ല. അപകടത്തിന്റെ വ്യാപ്തിയും സാധ്യതയും ശാസ്ത്രീയമായി പരിശോധിച്ച് അവലോകനം ചെയ്തു രക്ഷാപ്രവർത്തനം നടത്താനുള്ള നീക്കവും ഉണ്ടായില്ല. കുന്നും പുഴയും ചേർന്നു കിടക്കുന്ന ഷിരൂർ കുന്ന്– ഗംഗാവലി നദീ ഭൂപ്രകൃതി കാണുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ പുഴയിലേക്കു വീണു മണ്ണിനടിയിലാവാനുള്ള സാധ്യത പരിശോധിക്കേണ്ടതായിരുന്നു. എന്നാൽ രക്ഷാദൗത്യസംഘങ്ങളെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചത് മണ്ണിടിഞ്ഞ സ്ഥലത്തു തന്നെയാണ്.

ദുരന്തത്തിന്റെ സ്ഥിതിഗതി വ്യക്തമായി വിലയിരുത്തുന്നതിൽ സംഭവിച്ച ഗുരുതരവീഴ്ച പുഴയിലേക്കുള്ള അന്വേഷണം വൈകിപ്പിച്ചു. കുന്നിനു താഴ്‌വരയിൽ തന്നെയാണ് ലോറി നിർത്തിയിട്ടിരിക്കുകയെങ്കിലും കുന്നിടിഞ്ഞു താഴേക്കു വീണപ്പോൾ അതോടൊപ്പം പുഴയിലേക്ക് വീഴാനുള്ള സാധ്യത ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകുന്നതാണ് ഇവിടത്തെ ഭൂസാഹചര്യം. എന്നാൽ കാണാതായ ബുള്ളറ്റ് ടാങ്കർ ലോറികൾ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കിട്ടിയപ്പോൾ ലോറിയെ ആ രീതിയിൽ കണ്ടെത്തിയിട്ടില്ല എന്നതാണ് പുഴയിലേക്കു പരിശോധന നീളാതിരുന്നതിന്റെ കാരണങ്ങളിലൊന്ന്.

എന്നാൽ ബുള്ളറ്റ് ടാങ്കറുകളെ പോലെ അർജുന്റെ ലോറി ഒഴുകി നടക്കാൻ സാധ്യത വിരളമായിരുന്നു. ഉരുളൻ തടികൾ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് ഈ വാഹനത്തിലെ ലോഡ്. 200 മീറ്റർ ഉയരത്തിൽനിന്ന് ടൺ കണക്കിനു മണ്ണ് ഇടിഞ്ഞു വീണപ്പോൾ അതിനൊപ്പം ലോറിയും പുഴയിൽ അകപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവിടെ നിർത്തിയിട്ടിരുന്ന 2 ടാങ്കറുകളും നേരെ പുഴയിലേക്കാണ് വീണത്. ഇതിലൊന്ന് 7 കിലോ മീറ്റർ അകലെ ഒഴുകി നടക്കുന്ന രീതിയിലാണ് കിട്ടിയത്.  അപകടം നടന്ന ഉടനെ പുഴയിൽ വലിയ സ്ഫോടനവും പൊട്ടിത്തെറിയും ഉണ്ടായിരുന്നു. പുഴയിലേക്ക് വീണ എൽപിജി ടാങ്കറുകളിലൊന്നു പൊട്ടിത്തെറിച്ചതാണ് ഇതെന്നാണ് കരുതുന്നത്.

നിറയെ മരത്തടി കയറ്റിയ അർജുൻ ഓടിച്ച ലോറിക്ക് ഭാരക്കൂടുതലുള്ളതിനാൽ പുഴയിൽ ഒഴുകി നീങ്ങാനുള്ള സാഹചര്യമില്ല. അതിനാൽ നേരേ മണ്ണിനടിയിലേക്കു താഴ്ന്നിരിക്കാനാണു സാധ്യത. ഇപ്പോൾ സൈന്യം ഗംഗാവലി നദിയിൽ കണ്ടെത്തിയ റഡാർ സിഗ്നൽ അർജുന്റെ ലോറിക്കു പകരം പുഴയിൽ പൊട്ടിത്തെറിച്ച എൽപിജി ടാങ്കർ ലോറിയുടേത് ആവാനും സാധ്യതയുണ്ട്. നേവി പരിശോധന തുടരുകയാണ്.

ഗംഗാവലി നദിയുടെ മറുകര പ്രദേശം മാടങ്കേരി ഉൾവരെ എന്ന സ്ഥലമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതൽ താമസം. ഈ സമയത്ത് ഉഗ്ര ശബ്ദത്തിലുള്ള സ്ഫോടനവും ഉണ്ടായി. ഇവിടത്തെ വീടുകളെല്ലാം തകർന്നു തരിപ്പണമായി. വീടുകളിലെ പാത്രങ്ങളടക്കമുള്ള ഉപകരണങ്ങളും ചതഞ്ഞ നിലയിലാണ്. മൊത്തം ഒൻപതു പേരെ ഈ ഗ്രാമത്തിൽനിന്നു കാണാതായെന്നാണ് ഇവർ പറയുന്നത്. ഏഴു പേർ ആശുപത്രിയിലാണ്. ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. 

കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചു കയറിയിരുന്നു. ഇത്രയേറെ നദിയെ പ്രകമ്പനം കൊള്ളിച്ച മണ്ണിടിച്ചിലിനാണ് ഷിരൂർ സാക്ഷ്യം വഹിച്ചത്. അതിനാൽ പുഴയിൽ ഒന്നിലേറെ വാഹനങ്ങൾ അകപ്പെട്ടിരിക്കാനുള്ള സാധ്യതയും ഏറെയാണ്.

English Summary:

The Aftermath of the Shirur Hill Landslide and River Explosion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com