ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂരിൽ ആദ്യമായി അക്കൗണ്ട് തുറന്നതിനു സമ്മാനമായി വാരിക്കോരി സഹായം പ്രതീക്ഷിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്ന മുറവിളി ഉയരുന്നതിനിടെ പ്രതിരോധിക്കാൻ സജ്ജമായി സംസ്ഥാന ബിജെപി. ബജറ്റ് പ്രസംഗമല്ല ബജറ്റെന്നും, ബജറ്റ് പ്രസംഗത്തെ ഒരു വർഷത്തേക്കുള്ള പ്രകടനപത്രികയായി കണ്ടാൽ മതിയെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ബജറ്റിനെ ദേശീയ തലത്തിൽ കാണണമെന്നാണു വാദം. കേരളം രാജ്യത്തിനു പുറത്തുള്ള സംസ്ഥാനമല്ല. പൊതുവായി പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിപക്ഷവും കേരളത്തിനു ഗുണം ചെയ്യുന്നതാണെന്നും നേതാക്കൾ പറയുന്നു. 

അടിസ്ഥാനസൗകര്യ വികസനത്തിനായി മാറ്റിവച്ച 11.11 ലക്ഷം കോടി രൂപയിലാണു നേതാക്കളുടെ പ്രതീക്ഷ. വിഴിഞ്ഞത്തിന് ഒന്നുമില്ലെന്ന വാദം തെറ്റാണ്. ദേശീയപാത വികസനത്തിനുവേണ്ടി മാറ്റിവച്ച തുക വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കുന്ന റിങ് റോഡിനടക്കം ഗുണം ചെയ്യുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു. ക്രൂസ് ടൂറിസത്തിനു പ്രോത്സാഹനം നൽകാനുള്ള തീരുമാനവും വിദേശ ക്രൂസ് കമ്പനികൾക്കു രാജ്യത്ത് ആഭ്യന്തര ക്രൂസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവു നൽകുന്നതും വിഴിഞ്ഞം തുറമുഖത്തിനു നേട്ടമാകുമെന്നാണു കണക്കുക്കൂട്ടൽ.

നികുതിഘടനയിലെ മാറ്റത്തിനൊപ്പം മുദ്ര ലോണിന്റെ പരിധി വർധിപ്പിച്ചതു തൊഴിൽ, വ്യവസായ മേഖലയിലുണ്ടാക്കുന്ന മുന്നേറ്റം ചെറുതായിരിക്കില്ലെന്നു പറയാൻ നേതാക്കൾ ഉദാഹരണമായി പറയുന്നത് നിലവിലെ മുദ്ര സംരംഭങ്ങളെയാണ്. കേരളത്തിനു ഗുണം ചെയ്യുന്ന പദ്ധതികൾ ഏതൊക്കെയെന്നു നേതാക്കൾ കൂടിയിരുന്ന് ആലോചിച്ച് ചാനൽ ചർച്ചകൾക്കു പോകുന്ന വക്താക്കൾക്കു കൈമാറി. 

ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും എയിംസ് അടക്കമുള്ള വൻ പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് സംസ്ഥാന ബിജെപിയുടെ പ്രതീക്ഷ. അതിനുള്ള ആൾബലവും സ്വാധീനവും കേന്ദ്രത്തിലുണ്ട് എന്നതിനാലാണു നേതാക്കൾ ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നത്. സംസ്ഥാനത്തിനു കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നീക്കിയിരിപ്പുണ്ടെന്നും പറയുന്നു.

കേരളത്തിനും നേട്ടമാകുമെന്ന് ബിജെപി പറയുന്ന പ്രഖ്യാപനങ്ങൾ

∙ വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി

∙ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്കു ലഭ്യമാക്കും

∙ ആദ്യമായി ജോലിക്കു കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെന്റ് പിന്തുണ

∙ രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം 

∙ തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ 

∙ ഒരു കോടി വീടുകൾക്കുകൂടി സോളർ 

∙ പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4

∙ സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ

∙ 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം

∙ 1000 വ്യവസായ പരിശീലന കേന്ദ്രങ്ങൾ

∙ നഗരങ്ങളിൽ 1 കോടി ഭവനങ്ങൾ നിർമിക്കും. പാർപ്പിട പദ്ധതിക്കായി നീക്കിവച്ചത് 10 ലക്ഷം കോടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com