നീറ്റിൽ പുനഃപരീക്ഷയില്ല; ചോദ്യപേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജിയിൽ പുനഃപ്പരീക്ഷയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. എൻടിഎ ഹാജരാക്കിയ രേഖകൾ കോടതി സ്വന്തം നിലയിൽ പരിശോധിച്ചെന്നും പരീക്ഷയിൽ ക്രമക്കേട് ഉണ്ടായതിനും പവിത്രതയെ ബാധിക്കുംവിധം നടത്തിപ്പിൽ പാളിച്ചയുണ്ടെന്നും വ്യക്തമാക്കുന്ന തെളിവുകളുടെ അഭാവത്തിൽ പുനഃപരീക്ഷ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് കോടതി വിധി.
നീറ്റ് യുജി പരീക്ഷ പൂർണമായും റദ്ദാക്കുന്നത് നീതീകരിക്കാൻ കഴിയില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. കോടതി മുൻപാകെ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പുനഃപരീക്ഷ നിർദേശിക്കാൻ കഴിയില്ല. 24 ലക്ഷം വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രവേശനത്തെ ബാധിക്കും, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിപരീതഫലം സൃഷ്ടിക്കും, യോഗ്യരായ മെഡിക്കൽ പ്രഫഷനലുകളുടെ കുറവ് ഭാവിയിൽ സംഭവിക്കുമെന്നും കോടതി നിരീക്ഷിച്ചു.
പരീക്ഷാ നടത്തിപ്പിൽ വീഴ്ചയുണ്ടായോ, പരീക്ഷയുടെ വിശ്വാസ്യതയെ ബാധിച്ചോ, തട്ടിപ്പു നടത്തിയ പരീക്ഷാർഥികളെ പ്രത്യേകമായി കണ്ടെത്താൻ കഴിയുമോ എന്നീ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ചോദ്യപ്പേപ്പർ ചോർച്ച ഹസാരിബാഗിലെയും പട്നയിലെയും കാര്യത്തിൽ സംശയമില്ല. സിബിഐ നൽകിയ തൽസ്ഥിതി റിപ്പോർട്ടുകൾ പ്രകാരം അന്വേഷണം തുടരുകയാണ്. എങ്കിലും കേസിൽ ലഭിച്ച വിവരങ്ങൾ പ്രകാരം രണ്ടിടത്തെയും 155 വിദ്യാർഥികൾക്കാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ നേട്ടമുണ്ടായത്. എന്നാൽ, തട്ടിപ്പു നടത്തിയവരെയും അല്ലാത്തവരെയും തരംതിരിക്കാൻ കഴിയുന്ന സാഹചര്യം കേസിലുണ്ട്. അന്വേഷണ ഘട്ടത്തിൽ കൂടുതൽ പേർ തട്ടിപ്പു നടത്തിയെന്നു ബോധ്യപ്പെട്ടാൽ അവർക്കെതിരെ ഏതു ഘട്ടത്തിലും നടപടി സ്വീകരിക്കാം. കൗൺസിലിങ് തുടരാമെങ്കിലും തട്ടിപ്പു നടത്തിയെന്ന് തെളിഞ്ഞാൽ ആ വിദ്യാർഥിക്ക് പ്രവേശനം അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നീറ്റ് യുജി പരീക്ഷയിലെ 19–ാം ചോദ്യത്തിന്, 2 ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കി മാർക്കു നൽകേണ്ടി വന്ന വിഷയത്തിൽ ഐഐടി ഡൽഹി നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. രണ്ട് ഓപ്ഷനുകൾ ശരിയുത്തരമായി കണക്കാക്കിയാണ് എൻടിഎ മാർക്ക് നൽകിയത്. എന്നാൽ, നാലാം ഓപ്ഷൻ മാത്രമാണ് ശരിയായ ഉത്തരമെന്ന് ഐഐടി ഡൽഹിയിലെ വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.
വാദത്തിനിടെ 1563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ എൻടിഎ നടത്തിയിരുന്നു. അതിൽ തടസ്സമില്ല. കോടതിയിൽ വ്യക്തത വരുത്താത്ത കാര്യങ്ങളിൽ മറ്റ് വ്യക്തിപരമായ പരാതികളെ മറ്റോ ഉണ്ടെങ്കിൽ ഉചിതമായ വേദിയിൽ പരിഹരിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി.