ADVERTISEMENT

ന്യൂഡൽഹി∙ പ്രത്യേക പദവി നൽകിയില്ലെങ്കിലും സഖ്യകക്ഷികൾ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജൻസികളുടെ ധനസഹായത്തോടെ പദ്ധതികൾ നടപ്പിലാക്കാനാണു തീരുമാനം. ബിഹാറിൽ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം നിർമിക്കുന്നതിനായി വിവിധ ഏജൻസികൾ വഴി പ്രത്യേക ധനസഹായം നൽകും. ഈ വർഷം 15,000 കോടി അനുവദിക്കും. ആവശ്യമായ തുക വരും വർഷങ്ങളിൽ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാൻ ധനസഹായം വേണമെന്നു സഖ്യകക്ഷി നേതാവായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.

മൂന്നാം ബിജെപി സർക്കാർ അധികാരത്തിലെത്തിയ ഉടനെ പ്രത്യേക പദവി വേണമെന്ന് ബിഹാർ, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റെയും പിന്തുണയുള്ളതിനാൽ ഇരു പാർട്ടികളെയും പിണക്കാത്ത തീരുമാനത്തിലേക്കാണു ധനമന്ത്രി എത്തിയത്. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി നൽകാനാവില്ലെന്നു കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു, സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പ്രത്യേക ധനസഹായവും പദ്ധതികളും പ്രഖ്യാപിച്ചത്. 

സംസ്ഥാനങ്ങളുടെ ഭൂപ്രകൃതി, സാമ്പത്തിക–സാമൂഹിക പശ്ചാത്തലം തുടങ്ങിയ പല ഘടകങ്ങൾ പരിഗണിച്ച് ദേശീയ വികസന കൗൺസിലാണു നേരത്തെ പല സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി അനുവദിച്ചിരുന്നതെന്നും ബിഹാറിന്റെ ആവശ്യം മുൻപു മന്ത്രിതല സമിതി പരിഗണിച്ചിരുന്നുവെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വിശദീകരിച്ചിരുന്നു. 2012 മാർച്ച് 30നു മന്ത്രിതല സമിതി നൽകിയ റിപ്പോർട്ട് ബിഹാറിനു പദവി നൽകേണ്ടതില്ലെന്നാണു പറയുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലും എൻഡിഎ സഖ്യകക്ഷികളായ ജെഡിയു, എൽജെപി (പാസ്വാൻ) എന്നിവ പ്രത്യേക പദവിക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു. ഒഡീഷയ്ക്കു വേണ്ടി ബിജെഡിയും ആന്ധ്രയ്ക്കു വേണ്ടി വൈഎസ്ആർ കോൺഗ്രസും പ്രത്യേക പദവി ആവശ്യം ഉയർത്തി. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതോടെ എൻഡിഎയ്ക്കുള്ളിലെ പ്രതിഷേധങ്ങൾക്ക് അവസാനമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

English Summary:

Finance Minister Nirmala Sitharaman Reveals Economic Boost for Bihar and Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com