ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള മാലിന്യനീക്കം തടഞ്ഞില്ല; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍
Mail This Article
തിരുവനന്തപുരം∙ ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള സ്വകാര്യസ്ഥാപനത്തിന്‍റെ മാലിന്യനീക്കം തടഞ്ഞില്ലെന്ന കാരണത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ വരുന്ന സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കെ.ഗണേഷ് കുമാറിനെയാണു സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് മേയർ ആര്യാ രാജേന്ദ്രൻ ഗണേഷിനെ സസ്പെൻഡ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തിയാണ് സസ്പെന്‍ഷന്‍.
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം, തമ്പാനൂർ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ മേൽനോട്ട ചുമതല സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടറായ ഗണേഷിനാണ്. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഗണേഷിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
ശുചീകരണ തൊഴിലാളിയായ ജോയി മരിച്ച സംഭവത്തിൽ തിരുവനന്തപുരം കോർപറേഷനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. 46 മണിക്കൂറിനുശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെടുത്തത്. ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടത്തിനുശേഷം മാലിന്യം വലിച്ചെറിയുന്നതു കണ്ടെത്താന്‍ കര്‍ശന നടപടികള്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. മാലിന്യ നീക്കം വലിച്ചെറിയുന്നത് തടയാന്‍ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് കോര്‍പറേഷന്റെ നടപടി.