ഭക്ഷ്യപണപ്പെരുപ്പം നിയന്ത്രിക്കണം; സ്വകാര്യ മേഖലയ്ക്കു പിന്തുണ വേണം: ധർമകീർത്തി ജോഷി
Mail This Article
കൊച്ചി ∙ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി. തൊഴിലവസരങ്ങളും വളർച്ചയും ഏറ്റവും കൂടുതൽ സൃഷ്ടിക്കാൻ കഴിയുന്ന സ്വകാര്യമേഖലയ്ക്കു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള കൂടുതൽ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം വ്യാഴാഴ്ച കൊച്ചി ലെ മെറിഡിയന്‍ ഇന്റർനാഷനൽ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയില്‍ ഇരുപത്തിയഞ്ചമത്തേതായിരുന്നു ജോഷിയുടേത്. എസ് ആൻഡ് പി ഗ്ലോബലിന്റെ ഉപസ്‌ഥാപനവും പ്രമുഖ റേറ്റിങ് ഏജൻസിയുമായ ക്രിസിലിന്റെ ചീഫ് ഇക്കോണമിസ്‌റ്റാണു ധർമകീർത്തി ജോഷി.
എല്ലാ വിഭാഗങ്ങളെയും തുല്യമായി പരിഗണിച്ചുകൊണ്ടുള്ള വളർച്ച ഉണ്ടായാൽ മാത്രമേ തൊഴിലുകള്‍ ഉൾപ്പെടെ സൃഷ്ടിക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ലക്ഷ്യം വച്ചുള്ള ബജറ്റ് നിർദേശങ്ങളിലാണ് കോവിഡ് കാലത്തിനു ശേഷം കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂലധന നിക്ഷേപം വർധിപ്പിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്നു കാണാം. തൊഴിലുറപ്പു പദ്ധതി, പിഎം കിസാൻ പദ്ധതി തുടങ്ങിയവ തുടരുമ്പോൾ തന്നെ ഗ്രാമീണ, നഗര മേഖലയിൽ പാർപ്പിട സൗകര്യങ്ങളൊരുക്കുന്നതിൽ നിക്ഷേപം വർധിപ്പിച്ചത് സ്വാഗതാർഹമാണ്. ഗ്രാമീണ മേഖലയിൽ 70 ശതമാനവും നഗര മേഖലയിൽ 36 ശതമാനവും വര്‍ധന ഉണ്ടായിട്ടുണ്ട്. ഇതുവഴി നിർമാണ പ്രവർത്തനങ്ങൾ കൂടുതലായി നടക്കും. സിമന്റ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും വർധിക്കും. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും. റിസർവ് ബാങ്ക് ഡിവിഡന്റായി നൽകിയ 2.1 ലക്ഷം കോടി രൂപ സർക്കാരിന് ഇത്തരം കാര്യങ്ങളിൽ ചെയ്യുന്നതിന് നിർണായകമായ ഒന്നായി മാറിയിട്ടുണ്ടെന്നും ജോഷി പറഞ്ഞു.
എല്ലാവര്‍ക്കും തൊഴിൽ നൽകുക എന്നത് സർക്കാരിനെക്കാണ്ടു മാത്രം സാധ്യമാകുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ സാഹചര്യത്തിൽ സ്വകാര്യമേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി പ്രശ്നം മറികടക്കാന്‍ സാധിക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രൊവിഡന്റ് ഫണ്ട്, ഇന്റേൺഷിപ് തുടങ്ങി സ്വകാര്യ മേഖലയെ ചെറിയ തോതിൽ കൈപിടിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ മാത്രമേ ഇത്തവണത്തെ ബജറ്റിൽ ഉള്ളൂ. അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപം കൊണ്ടുവന്നാൽ മാത്രമേ സ്വകാര്യമേഖലയ്ക്കും അതിന്റെ ഗുണം ലഭിക്കൂ. റോഡ് അടക്കമുള്ള അടിസ്ഥാന വികസന മേഖല വികസിക്കുന്നതോടെ അത് യാത്രയും ചരക്കുനീക്കവും അടക്കമുള്ള ലോജിസ്റ്റിക് മേഖലയ്ക്ക് കൂടുതൽ ഗുണകരമാവും. കൂടുതൽ തൊഴിലവസരങ്ങളും ഇത് പ്രദാനം ചെയ്യും. വിഴിഞ്ഞം തുറമുഖം വന്നത് കേരളത്തിന് വലിയ സാധ്യതകളാണ് തുറന്നുതന്നിരിക്കുന്നത്.
ഭക്ഷ്യപണപ്പെരുപ്പം വർധിക്കുന്നതാണ് വലിയ തോതിൽ നിയന്ത്രിക്കേണ്ടതെന്ന കാര്യവും അദ്ദേഹം പറഞ്ഞു. കാർ അടക്കമുള്ള മറ്റു വസ്തുക്കൾക്ക് വില വർധിക്കുന്നതിനേക്കാൾ ഭക്ഷ്യസാധനങ്ങൾക്ക് വില വർധിക്കുന്നത് സാധാരണ ജനങ്ങളെ ഏറ്റവും എളുപ്പത്തിൽ ബാധിക്കുന്ന ഒന്നാണ്. നമുക്ക് ആവശ്യത്തിന് ഭക്ഷ്യോത്പാദനം ഉണ്ടെങ്കിലും അവയിലെ 30 ശതമാനവും വേണ്ടത്ര ശേഖരണ സംവിധാനവും മറ്റുമില്ലാത്തതിനാൽ നശിച്ചു പോവുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊരു ഭീഷണി. ഇന്നും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ മറികടക്കാൻ കഴിയുന്ന വിളകളുടെ ഉപയോഗം അടക്കമുള്ള കാര്യങ്ങളിലൂടെ ഇതിന് പരിഹാരം കാണണം. ഭക്ഷ്യസംസ്കരണവും കയറ്റുമതിയും ശേഖരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നുണ്ട് എന്നത് സ്വാഗതാർഹമാണെന്നും ജോഷി പറഞ്ഞു.
ഉത്പാദന, സർവീസ് മേഖലകളുടെ വികസനത്തിലൂടെ മാത്രമേ തൊഴിലവസരങ്ങളുടെ വളർച്ച അടക്കമുള്ള സാധ്യമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 21–24 പ്രായപരിധിയിലുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രധാനമാണ്. രാജ്യത്തെ തൊഴിൽ സംസ്കാരത്തിൽ മാറ്റം വരേണ്ടതുണ്ട്. പ്ലമിങ് പോലുള്ള ജോലികൾ ചെയ്യുന്നത് കുറച്ചിലാണെന്ന ധാരണ ഇന്നുമുണ്ട്. എന്നാൽ തൊഴിൽമേഖലയിലെ വലിയൊരു ശതമാനം ജനങ്ങൾക്കും തൊഴിൽ ലഭിക്കുക ഇത്തരം മേഖലയിലാണ്. അതോടൊപ്പം, രാജ്യത്തെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ വലിയ കുറവാണുള്ളത്. ആകെ തൊഴിൽ ശക്തിയുടെ 37% മാത്രമാണ് സ്ത്രീകളുള്ളത്. മറ്റു മേഖലകളിൽ വികസിച്ചു നിൽക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ പ്രശ്നങ്ങളുണ്ട്. ജനറേറ്റഡ് എഐ കടന്നുവരുന്നതോടെ നമ്മുടെ തൊഴിൽ മേഖലയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരും. ഇതിനെ സ്വീകാര്യമാക്കുന്ന വിധത്തിൽ തൊഴിൽ മേഖല മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.