കാർഗിലിൽനിന്നു കൂത്താട്ടുകുളത്തേക്കു ദൂരമെത്ര? സ്മരണകളുടെ ഹൃദയദൂരം
Mail This Article
കോട്ടയം ∙ കൂത്താട്ടുകുളത്തുനിന്നു കാർഗിലിലേക്കുള്ള ദൂരം 3588 കിലോമീറ്ററാണെന്നാണ് ഗൂഗിളിന്റെ കണക്ക്. പക്ഷേ ഈ രണ്ടിടങ്ങളും തമ്മിലുള്ള ഹൃദയദൂരം പൂജ്യമാണ്! രാജ്യത്തിനു വേണ്ടി ജീവൻ നൽകിയ ധീരജവാൻമാർക്കായി കൂത്താട്ടുകുളത്തിനടുത്ത് ഒരു ‘കാർഗിൽ’ ജംക്‌ഷനുണ്ട്. കൂത്താട്ടുകുളത്തുനിന്ന് ഉഴവൂർ വഴി പാലായ്ക്ക് യാത്ര ചെയ്യുമ്പോൾ കാർഗിൽ ജംക്‌ഷൻ കാണാം. എറണാകുളം ജില്ലയിൽ ഉൾപ്പെട്ട ഈ കാർഗിൽ ജില്ലാ അതിർത്തിയായ ആത്താനിയോടു ചേർന്നാണ്. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 12–ാം വാർഡിൽ ഉൾപ്പെട്ട സ്ഥലം.
1999 ജൂണിൽ കാർഗിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണു നാട്ടുകാരായ ഏതാനും യുവാക്കൾ അന്നു വരെ മുട്ടപ്പിള്ളിത്താഴം എന്നറിയപ്പെട്ടിരുന്ന കവലയ്ക്ക് കാർഗിൽ ജംക്‌ഷൻ എന്നു പേരു നൽകിയത്. പിന്നീട് കാത്തിരിപ്പു കേന്ദ്രത്തിലും കാർഗിൽ ജംക്‌ഷനെന്നു പേരെഴുതി. ഇന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക രേഖകളിലും കാർഗിൽ ജംക്‌ഷനെന്ന പേരുണ്ടെന്ന് വാർഡ് കൗണ്‍സിലർ ബോബൻ വർഗീസ് പറയുന്നു.
‘‘കാർഗിൽ യുദ്ധം നടക്കുന്ന സമയത്താണ് ഇങ്ങനെ ഒരു പേരിട്ടാലോ എന്ന ചിന്ത നാട്ടുകാർക്കുണ്ടായത്. കാത്തിരിപ്പു കേന്ദ്രത്തിൽ കാർഗിൽ ജംക്‌ഷനെന്ന് എഴുതി. കാർഗിൽ വിജയ ദിവസത്തിൽ ജംക്‌ഷനിൽ യോഗം ചേർന്ന് പല തവണ സൈനികരെ ആദരിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപും ചടങ്ങുണ്ടായിരുന്നു. വെളിയന്നൂരും മംഗലത്തുതാഴവുമാണ് അടുത്തുള്ള പ്രധാന സ്ഥലങ്ങൾ. മംഗലത്തുതാഴത്തിനും ആത്താനിക്കും ഇടയിലാണ് ഈ സ്ഥലം. മുനിസിപ്പാലിറ്റി രേഖകളിൽ കാർഗിൽ ജംക്‌ഷനെന്ന പേരുണ്ട്. കാർഗിൽ ജംക്‌ഷനിൽനിന്നാണ് മൂന്ന് റോഡ് ആരംഭിക്കുന്നത്. ഇക്കാര്യം മുനിസിപ്പാലിറ്റി രേഖകളിൽ പറയുന്നുണ്ട്’’ – ബോബൻ വർഗീസ് പറഞ്ഞു.