ADVERTISEMENT

കോഴിക്കോട്∙ ബ‌ജറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ കേരള സർക്കാരിന്റെ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫിനുള്ളത് മണ്ടന്മാരുടെ നേതൃത്വമാണെന്നും വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പരിഹസിച്ചു. എൽഡിഎഫിന്റെ ഏക തുറുപ്പ് ചീട്ട് എന്നത് കേന്ദ്ര അവഗണനയാണ്. അതിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്ര‍ൻ ആരോപിച്ചു.  

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനത്തിൻ്റെ പേരിൽ എം.കെ.രാഘവൻ എംപി വയ്ക്കുന്ന ഫ്ലക്സ് ബോർഡുകൾ ബജറ്റിൽ മോദി അനുവദിച്ച തുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. പ്രളയ ദുരിതത്തിന് കേരളത്തിന് അനുവദിച്ച തുക ഇതുവരെ സർക്കാർ ചെലവഴിച്ചിട്ടില്ല. കേരളം അവഗണിക്കപ്പെട്ടുവെന്ന ആരോപണത്തിൽ, യുഡിഎഫ്-എൽഡിഎഫ് നേതാക്കളെ തുറന്ന സംവാദത്തിന് താൻ ക്ഷണിക്കുകയാണെന്നും സുരേന്ദ്രൻ അറിയിച്ചു.  ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറിയെന്നായിരുന്നു സുരേന്ദ്രന്റെ മറ്റൊരു ആരോപണം.

നികുതിയിനത്തിൽ മാത്രം 3000 കോടി രൂപയിലധികം കേരളത്തിന് അധികം അനുവദിച്ചുവെന്നും 3011 കോടി രൂപ കേരളത്തിലെ റെയിൽവേ വികസനത്തിന് കിട്ടിയിട്ടുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. റബർ ബോർഡ്, സ്പൈസസ് ബോർഡ്, നാളികേര വികസന ബോർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ അധികതുക കേന്ദ്രം അനുവദിച്ചു. എന്നിട്ടും കേന്ദ്രത്തിനെതിരെ ബാലിശമായ ആരോപണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു. 

ബിജെപി കേരളത്തിന് വട്ടപൂജ്യമാണ് നൽകിയതെന്ന കെ.മുരളീധരന്റെ ആരോപണത്തിന് അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണെന്നാണ് സുരേന്ദ്രൻ മറുപടി നൽകിയത്. ഇനി ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

English Summary:

K. Surendran Challenges Kerala Opposition on Central Government Neglect Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com