സിഎംആർഎലും എക്‌സാലോജിക്കുമായുള്ള വിവാദ ഇടപാടിനെ ന്യായീകരിച്ച് സർക്കാർ
Mail This Article
കൊച്ചി ∙ കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കുമായുള്ള വിവാദ ഇടപാടിനെ ന്യായീകരിച്ച് സർക്കാർ ഹൈക്കോടതിയിൽ. മാസപ്പടി ഇടപാടിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് പലതും. രണ്ട് കമ്പനികൾ തമ്മിലുളള സ്വകാര്യ ഇടപാടാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും കരാറിനെ കുറിച്ച് ഇരു കമ്പനികൾക്കും പരാതിയില്ലെന്നും സർക്കാർ ഇന്ന് കോടതിയിൽ വ്യക്തമാക്കി. അതേ സമയം, സിഎംആർഎലിന് വഴിവിട്ട സഹായം ചെയ്തില്ലെന്ന സർക്കാർ വാദം തെറ്റാണെന്ന് ഹർജിക്കാരനായ മാത്യു കുഴൽനാടനും വാദിച്ചു. ഹർജിയിൽ ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് തിങ്കളാഴ്ച തുടർവാദം കേൾക്കും.
സിഎംആർഎലിന് വഴിവിട്ട സഹായം നൽകിയതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ഹർജിക്കാരുടെ വാദം തെറ്റാണെന്ന് സർക്കാർ വാദിച്ചു. മുന്നിൽ വന്ന അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കരിമണല്‍ കരാര്‍ നല്‍കാന്‍ സുപ്രധാന തീരുമാനങ്ങളെടുത്തത് യുഡിഎഫ് സര്‍ക്കാരുകളാണ്. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. സിഎംആർഎലും എക്സാലോജിക്കും തമ്മിലുള്ളത് രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാറാണ്. ഈ കരാറിനെക്കുറിച്ച് ഇരുകമ്പനികൾക്കും പരാതിയില്ല. എക്സാലോജിക് സേവനം നൽകിയില്ലെന്ന് സിഎംആർഎൽ എവിടെയും പരാതി പറഞ്ഞിട്ടില്ല. എന്ത് സേവനമാണ് എന്നത് അറിയില്ലെന്ന് മാത്രമാണ് ചില ജീവനക്കാർ ആദായനികുതി വകുപ്പിന് മൊഴി നൽകിയതെന്നും സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. ആദായ നികുതി സെറ്റിൽമെന്റെ ബോർഡിന്‍റെ കണ്ടെത്തലിൽ പിഴവുണ്ടോയെന്ന് മറ്റൊരു അപ്പലെറ്റ് അതോറിറ്റി ഇതുവരെ പരിശോധിച്ചിട്ടില്ല. മാസപ്പടി ഇടപാടിൽ സർക്കാരിനെ ബന്ധപ്പെടുത്താനുള്ള ഒന്നുമില്ലെന്നും വിജിലൻസ് അന്വേഷണത്തിന്‍റേ ആവശ്യമില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ സർക്കാർ വാദങ്ങൾ മാത്യു കുഴൽനാടൻ തള്ളി. സിഎംആർഎല്ലിന് വഴിവിട്ട സഹായം നൽകിയിട്ടില്ലെന്ന വാദം തെറ്റാണ്. അനധികൃതമായി സിഎംആർഎൽ കൈവശം വച്ചിട്ടുള്ള ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ ജില്ലാ കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കുഴൽനാടൻ വാദിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന കുഴൽനാടന്റെ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്.