അന്ന് ഇന്ത്യൻ സൈന്യം തുരത്തിയ നുഴഞ്ഞുകയറ്റക്കാർ; ആയുധം നൽകി പരിപാലിച്ച് പാക്ക് സൈന്യം; എന്താണ് ‘ബാറ്റ്’?
Mail This Article
കശ്മീർ∙ ഇന്ത്യാ–പാക്ക് നിയന്ത്രണ രേഖയ്ക്കു സമീപം കുപ്‌വാരയിലെ മച്ചിൽ സെക്ടറിൽ സൈനികർക്ക് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യ വരിച്ചു. ആക്രമണത്തിൽ ഒരു പാക്ക് പൗരനും കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പാക്ക് പൗരൻ, പാക്കിസ്ഥാൻ കരസേനയുടെ ഭാഗമായ ബോർഡർ ആക്ഷൻ ടീം അംഗമാണെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്താണ് ഈ പാക്കിസ്ഥാൻ ബിഎടി അഥവാ ബാറ്റ്?
പാക്ക് ഭീകരരുടെയും എസ്എസ്ജി കമാൻഡോകളുടെയും സംയുക്ത സായുധ സംഘമാണു ബോർഡർ ആക്ഷൻ ടീം അഥവാ ബാറ്റ്. 2013ലാണു നിയന്ത്രണ രേഖയിൽ ബാറ്റ് ടീമിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിലേറെയായി ബാറ്റ് ടീം മേഖലയിൽ അശാന്തി സൃഷ്ടിക്കുന്നുണ്ട്. എകെ-47 റൈഫിൾ, ഗ്രനേഡുകൾ, സാറ്റലൈറ്റ് ഫോൺ തുടങ്ങിയ ഉപകരണങ്ങളും ബാറ്റിന്റെ കൈവശമുണ്ട്.
2022 ജനുവരിയിൽ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിലുണ്ടായ പാക്ക് ബാറ്റിന്റെ നുഴഞ്ഞുകയറ്റം അന്ന് ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു ബാറ്റ് സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. അന്ന് ബാറ്റ് ടീമംഗമായ മുഹമദ് ഷബീർ മാലിക്കിനെ സൈന്യം വധിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് പാക്കിസ്ഥാൻ പൗരനാണെന്നു തെളിയിക്കുന്ന തിരിച്ചറിയൽ കാർഡും പാക്ക് സർക്കാർ നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റും സൈന്യം കണ്ടെത്തിയിരുന്നു.
പലപ്പോഴും സൈനിക യൂണിഫോമിലല്ല ഇവർ നുഴഞ്ഞുകയറ്റം നടത്തുന്നതെന്നാണു പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്. നുഴഞ്ഞുകയറ്റത്തിലൂടെ മേഖലയിൽ അശാന്തി സൃഷ്ടിക്കുകയാണു പാക്ക് ബാറ്റ് ടീമിന്റെ ലക്ഷ്യം. പാക്കിസ്ഥാന്റെ ഔദ്യോഗിക അർധസൈനിക വിഭാഗമായാണു ബാറ്റ് കരുതപ്പെടുന്നത്. ബാറ്റ് അംഗങ്ങൾക്ക് വേണ്ട പരിശീലനവും ആയുധവും നൽകുന്നതും പാക്കിസ്ഥാൻ സൈന്യമാണ്.