ട്രംപ് വിജയത്തിന്റെ കൊടുമുടിയിൽ, യുഎസ് പ്രസിഡന്റാകുമെന്ന് ‘ഗ്രഹനില’: ജ്യോതിഷിയുടെ പ്രവചനം വൈറൽ
Mail This Article
വാഷിങ്ടൻ∙ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി ‘പ്രവചിച്ച’ ജ്യോതിഷി എമി ട്രിപ്പിന്റെ പുതിയ പ്രവചനം ശ്രദ്ധേയമാകുന്നു. ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നാണ് പ്രവചനമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രായാധിക്യത്തെ തുടർന്നാണ് ബൈഡൻ മത്സരത്തിൽനിന്ന് പിൻമാറിയത്.
ട്രംപ് പ്രഫഷനൽ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നത്. ജോ ബൈഡന്‍ സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെയാണ് 40 വയസുള്ള ജ്യോതിഷി ശ്രദ്ധേയയാകുന്നത്. ജൂൺ 11നാണ് എക്സിലെ പോസ്റ്റിൽ എമി പ്രവചനം നടത്തിയത്. ബൈഡൻ ഒഴിയുന്ന തീയതി ഒരാൾ ചോദിച്ചപ്പോൾ ജൂലൈ 21 എന്നായിരുന്നു എമിയുടെ മറുപടി. ഇത് യാഥാർഥ്യമായി. കമല ഹാരിസിന്റെ സ്ഥാനാർഥിത്വവും എമി പ്രവചിച്ചിരുന്നു. ബൈഡന് പ്രായമായതാണ് എമി ഇതിനു കാരണമായി പറഞ്ഞത്. ജോ ബൈഡന് കൂടുതൽ ബുദ്ധിമുട്ടുകൾ സമീപഭാവിയിൽ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.