കോച്ചിങ് സെന്റർ പ്രവർത്തിച്ചത് എൻഒസി ലംഘിച്ച്; ബേസ്മെന്റിൽ അനുമതി സ്റ്റോർ റൂമിന്, ലൈബ്രറിക്കല്ല
Mail This Article
ന്യൂഡൽഹി∙ കരോൾബാഗിലെ ഐഎഎസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി ഡൽഹി കോർപറേഷൻ. സ്ഥാപനത്തിന്റെ എൻഒസി രേഖകളിൽ ബേസ്മെന്റിൽ അനുമതി ഉണ്ടായിരുന്നത് സ്റ്റോർ റൂമിന് ആയിരുന്നെന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
സ്ഥാപനം തുടങ്ങുന്നതിന് മുന്നോടിയായി നൽകിയ അപേക്ഷയിലെ എൻഒസിയിൽ, ബേസ്മെന്റിലുള്ള ലൈബ്രറിയെ കുറിച്ച് വിവരം നൽകിയിട്ടില്ല. വ്യവസ്ഥകൾ ലംഘിച്ചാണ് സ്ഥാപനം ബേസ്മെന്റിൽ ലൈബ്രറി നടത്തിയിരുന്നത്. 2021ലാണ് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ അനുമതിക്കായി കോർപറേഷനിൽ അപേക്ഷ സമർപ്പിച്ചത്. ഇതിൽ ബേസ്മെന്റ് ഭാഗം, പാർക്കിങ്ങിനും സ്റ്റോർ റൂമിനും വേണ്ടി മാത്രമെ ഉപയോഗിക്കാവൂ എന്നു വ്യക്തമായി എഴുതിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിട മാനദണ്ഡങ്ങൾ ലംഘിക്കുന്ന കോച്ചിങ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാന്‍ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് നിർദേശം നൽകി. ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന മുനിസിപ്പൽ കോർപറേഷൻ ഓഫിസർമാർക്കെതിരെ നടപടിയെടുക്കുമെന്നും മേയർ അറിയിച്ചു. വിദ്യാർഥികളുടെ മരണവുമായി ബന്ധപ്പെട്ട് കോച്ചിങ് സെന്റർ ഉടമ അഭിഷേക് ഗുപ്തയെയും കോ-ഓർഡിനേറ്റർ ദേശ്പാൽ സിങ്ങിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി കരോൾബാഗിലെ ഓൾഡ് രാജേന്ദ്ര നഗറിലെ സിവിൽ സർവീസ് കോച്ചിങ് സെന്ററിലുണ്ടായ വെള്ളപ്പൊക്കത്തിൽ എറണാകുളം സ്വദേശി നെവിൻ ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. അഴുക്കുചാൽ തകർന്നതോടെ വെള്ളം കോച്ചിങ് സെന്ററിലെ ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ലൈബ്രറിയുടേത് ബയോമെട്രിക് വാതിലുകൾ ആയിരുന്നതിനാൽ ഇത് തുറക്കാൻ ആദ്യ ഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് അഗ്നിശമനസേനയെത്തി വെള്ളം വറ്റിച്ചാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ജെഎൻയുവിൽ ഗവേഷക വിദ്യാർഥിയായിരുന്ന നെവിൻ അടുത്തിടെയാണ് സ്ഥാപനത്തിൽ ചേർന്നത്.