ADVERTISEMENT

നിലമ്പൂർ ∙ പൊലീസ് സ്റ്റേഷനു മുന്നിലൂടെ രാത്രി മണൽ കടത്തുന്ന വിഡിയോ ചിത്രീകരിച്ചു റീൽസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ 7 പേർ പിടിയിൽ. പ്രതികളെ സ്റ്റേഷനിലെത്തിക്കുന്നതും മണൽ കടത്തിയ ലോറി പിടികൂടുന്നതുമടക്കം ചിത്രീകരിച്ച് പൊലീസ് മറുപടി റീൽസും ഇറക്കി.

മമ്പാട് ഓടായിക്കൽ മറ്റത്ത് ഷാമിൽ ഷാൻ (21), കാട്ടുമുണ്ട വലിയ തൊടിക മർവാൻ (20), പുളിക്കൽ അമീൻ (19), വടപുറം ചേകരാറ്റിൽ അൽത്താഫ് (22), ചേകരാറ്റിൽ മുഹമ്മദ് സവാദ് (22), കണ്ണംതൊടിക അബ്ദുൽ മജീദ് (34) കരിമഠത്തിൽ സഹീർ (23) എന്നിവരെയാണ് ഇൻസ്പെക്ടർ മനോജ് പറയട്ട അറസ്റ്റ് ചെയ്തത്. മണൽ മോഷ്ടിച്ചു കടത്തിയതിനാണ് കേസ്. ഇൻസ്‌പെക്ടറുടെ നിർദേശ പ്രകാരം സി.വി.വിവേക്,  ഷൗക്കത്ത് വാരിക്കൽ, ഷിഫിൻ കുപ്പനത്ത് എന്നീ ഉദ്യോഗസ്ഥരാണ് റീൽസ് ചിത്രീകരിച്ചത്.

‌ഷാമിൽ ഷാൻ, അൽത്താഫ്, മജീദ് എന്നിവരാണ് ലോറി ഉടമകൾ. മർവാൻ ഡ്രൈവറാണ്. സഹീർ, സവാദ്, മജീദ് എന്നിവർ ബൈക്കുകളിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നീക്കം നിരീക്ഷിക്കുന്നവരാണ്. 24ന് രാത്രി പുള്ളിപ്പാടം കടവിൽനിന്ന് മണൽ കയറ്റി മയ്യംതാനിക്ക് കൊണ്ടുപോകുന്ന വിഡിയോ വിദ്യാർഥി അമീനാണ് ചിത്രീകരിച്ചത്. അമീന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോ വിവാദമായതോടെ നീക്കം ചെയ്തെങ്കിലും പത്രവാർത്തയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്തു. 24 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായി.

ഷാമിൽ, അൽത്താഫ് എന്നിവർക്കെതിരെ നേരത്തേയും മണൽകടത്ത് കേസുകളുണ്ട്. ഇരുവരും അടുത്ത ദിവസം വിദേശത്ത് പോകാനിരിക്കുകയായിരുന്നു. വിദേശത്ത് എത്തിയാൽ പിടിക്കപ്പെടില്ല എന്ന ധൈര്യത്തിലാണ് റീൽസ് പോസ്റ്റ് ചെയ്തതെന്ന് പ്രതികൾ മൊഴി നൽകി. കോടതിപ്പടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച ലോറി പിടിച്ചെടുത്തു. എസ്ഐമാരായ തോമസ് കുട്ടി ജോസഫ്, ടി.മുജീബ്, കെ.രതീഷ്, എസ്ഐ ഇ.എൻ.സുധീർ, നൗഷാദ് ഷിഫിൻ കുപ്പനത്ത്, അനീറ്റ് ജോസഫ്, സജീഷ്, ടി.പ്രിൻസ്, വിവേക്, ഷൗക്കത്ത്, സുബൈറുദ്ദീൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

English Summary:

How Nilambur Police Outplayed the Sand Mafia in 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com