ADVERTISEMENT

ന്യൂഡൽഹി∙ കനത്തമഴയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി മലയാളിയുൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചു. നഗരകാര്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി സർക്കാർ, പൊലീസ്–അഗ്നിരക്ഷാ വിഭാഗം പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. അന്വേഷണം നടത്തി 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ആഭ്യന്തര മന്ത്രാലയം സമിതിക്ക് നിർദേശം നൽകി. അതിനിടെ, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്ന് ഡൽഹി ലഫ്റ്റനന്റ് ജനറലിന്റെ ഓഫിസ് പ്രഖ്യാപിച്ചു.

മലയാളിയായ നെവിൻ ഡാൽവിൻ, യുപി സ്വദേശി ശ്രേയ യാദവ്, തെലങ്കാന സ്വദേശ് തന്യ സോണി എന്നിവരാണ് കരോൾബാഗിലെ റാവൂസ് കോച്ചിങ് കേന്ദ്രത്തിന്റെ ഭൂഗർഭനിലയിൽ വെള്ളംകയറിയുണ്ടായ അപകടത്തിൽ മരിച്ചത്. ഭൂഗർഭനിലയിലെ ലൈബ്രറിയിൽ പഠിക്കാനെത്തിയതായിരുന്നു ഇവർ. കനത്തമഴയിൽ സമീപത്തെ ഓട നിറഞ്ഞുകവിഞ്ഞ് ഭൂഗർഭനിലയിലേക്ക് ഒഴുകി ഇറങ്ങുകയായിരുന്നു. സംഭവത്തിൽ പരിശീലന കേന്ദ്രത്തിന്റെ എൻഒസി റദ്ദാക്കാനുള്ള നടപടികൾ ഡൽഹി അഗ്നിരക്ഷാവിഭാഗം ആരംഭിച്ചു.

അതേസമയം വെള്ളപ്പൊക്കത്തിൽ കൂടുതൽപ്പേർ മരിച്ചിട്ടുണ്ടെന്നും ഇക്കാര്യം അധികൃതർ മറച്ചുവയ്ക്കുകയാണെന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ആരോപിച്ചു. മൂന്നു പേർ മരിച്ചെന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ ശാംഭവി എന്നൊരു സഹപാഠിയുടെ മൃതദേഹം രഹസ്യമായി പൊലീസ് ബന്ധുക്കൾക്ക് കൈമാറിയെന്നും അവിനാശ് എന്ന മറ്റൊരു വിദ്യാർഥിയെക്കുറിച്ച് വിവരമില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒന്നിലധികം മൃതദേഹങ്ങൾ ഒരു ബാഗിലാക്കിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്.

ലോക്സഭയിലും കോച്ചിങ് സെന്റർ ദുരന്തം ചർച്ചയായി. രാജ്യത്തെ കോച്ചിങ് സെന്റർ മാഫിയയ്ക്കെതിരെ എന്തു നടപടിയാണെടുത്തതെന്ന് ചോദ്യോത്തരവേളയിൽ കെ.സി.വേണുഗോപാൽ എംപി ആരാ‍ഞ്ഞു. ‘അംഗീകാരമുള്ള കെട്ടിടമോ വേണ്ടത്ര സൗകര്യങ്ങളോ ഇല്ലാത്ത ചില കോച്ചിങ് സെന്ററുകൾ മാഫിയകളായി മാറിയിരിക്കുകയാണ്. ഇതിനെതിരെ സർക്കാർ എന്തെങ്കിലും നടപടിയെടുക്കുന്നുണ്ടോ? എന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ ചോദ്യം. 2018 മുതൽ 2022 വരെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐഐടികളിലും ഐഐഎമ്മുകളിലുമായി എൺപതോളം വിദ്യാർഥികൾ ആത്മഹത്യ ചെയ്തത് ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കോച്ചിങ് സെന്ററുകളുടെ നടത്തിപ്പിന് 2024 ജനുവരിയിൽ മാർഗനിർദേശം ഇറക്കിയിട്ടുണ്ടെന്ന് ഇതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി പറഞ്ഞത്.

English Summary:

Delhi Fire Department to cancel NOC of Rau's IAS coaching centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com