ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും 75 ശതമാനം ബാറുകളില്‍നിന്നും നികുതി കുടിശിക പിരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ചവരുത്തിയത് പിണറായി മന്ത്രിസഭയ്ക്ക്  മദ്യലോബിയുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരിലാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ബാര്‍ മുതലാളിമാരുടെ കുഞ്ഞാണ് പിണറായി മന്ത്രിസഭ എന്നതിനാല്‍ അവരുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടിടിച്ചു നിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.  

സംസ്ഥാനത്തെ ബാറുകളില്‍ ബഹുഭൂരിപക്ഷം വരുന്ന 606 ബാറുകള്‍ നികുതി കുടിശിക വരുത്തിയെന്ന് സമ്മതിച്ച ധനമന്ത്രിക്ക് ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണം. പാവപ്പെട്ടവര്‍ കെട്ടുതാലിവരെ വിറ്റ് നാനാതരം നികുതികള്‍ അടയ്ക്കുമ്പോഴാണ് ബാര്‍ മുതലാളിമാരെ ധനമന്ത്രി എണ്ണതേച്ച് കുളിപ്പിക്കുന്നത്. കേരളീയം പരിപാടി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ധൂര്‍ത്തും ആഢംബരവും സ്പോണ്‍സര്‍ ചെയ്യുന്നത് ബാറുകാരാണ്. യഥേഷ്ടം ബാറുകളും വൈന്‍ പാര്‍ലറുകളും അനുവദിക്കുന്നതോടൊപ്പമാണ് നികുതി കുടിശിക കണ്ടില്ലെന്നു നടിക്കുന്നത്. 

യുഡിഎഫ് എംഎല്‍എ സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായിട്ടാണ് കോടികളുടെ നികുതി പിരിവിലെ വീഴ്ച ധനകാര്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നത്.  അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തി ഡ്രൈ ഡേ ഒഴിവാക്കി പുതിയ മദ്യനയം നടപ്പാക്കാന്‍ ബാറുടമകള്‍ വ്യാപകമായി പണപ്പിരിവിന് ആഹ്വാനം ചെയ്ത ശബ്ദസന്ദേശം പുറത്തു വന്നത് ഉള്‍പ്പെടെയുള്ള  സംഭവങ്ങള്‍ സര്‍ക്കാരിനു  മദ്യമുതലാളിമാരോടുള്ള കടപ്പാടിന്റെ ആഴം വ്യക്തമാക്കുന്നതാണ്. 

സാമൂഹ്യ സുരക്ഷാ പെന്‍ഷനും ശമ്പളവും മറ്റും നല്‍കാന്‍ കാശില്ലാതെ സര്‍ക്കാര്‍ ഓരോ തവണയും 2000 കോടി വീതം കടം എടുക്കുകയാണ്. ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നൽകാനും  വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ക്കും കാശില്ലാതെ നട്ടംതിരിയുമ്പോഴാണ് ബാര്‍ മുതലാളിമാര്‍ക്ക് നികുതി വെട്ടിപ്പ് നടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതെന്നും ഇതു ക്രിമിനല്‍ കുറ്റമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

English Summary:

KPCC President Blames Kerala Govt for Lapse in Bar Tax Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com