ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം കാർട്ടൂണിസ്റ്റുകൾക്കും ബാധകം; മലയാള മനോരമയെ അഭിനന്ദിച്ച് ഹൈക്കോടതി
Mail This Article
കൊച്ചി∙ കാർട്ടൂണിസ്റ്റുകൾക്കും ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ടെന്ന് ഹൈക്കോടതി. സ്വാതന്ത്ര്യദിനത്തിന്റെ 70–ാം വാർഷിക ദിനത്തിൽ മലയാള മനോരമയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂണുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന വിധി. കാർട്ടൂണ്‍ ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നതാണെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. സുന്ദരമായ കാർട്ടൂണുകളും അറിവ് പകരുന്ന ലേഖനങ്ങളും ആയി സ്വാതന്ത്ര്യദിനത്തിന്റെ 70–ാം വാർഷിക എഡിഷൻ ഇറക്കിയതിനു മലയാള മനോരമ പത്രത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
കാർട്ടൂണിസ്റ്റുകൾ മാധ്യമങ്ങളുടെ ഭാഗമാണ്. അഭിപ്രായങ്ങള്‍, ആശയങ്ങള്‍, ക്രിയാത്മകത എന്നിവ കാർട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും മറ്റു രീതിയിലുള്ള കലാരൂപങ്ങളിലൂടെയും പ്രകടിപ്പിക്കാൻ അവർക്ക് ഭരണഘടനയുടെ (19) (1) (എ) അനുഛേദം ഉറപ്പു നൽകുന്നതായും കോടതി അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശവും കാർട്ടൂണിസ്റ്റുകൾക്ക് ഉണ്ട്. എന്നാൽ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ഈ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണം ഏർപ്പെടുത്താൻ രാഷ്ട്രത്തിന് അധികാരമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
വാർത്തയും കാർട്ടൂണും പരിശോധിച്ച ശേഷം, ദേശീയ പതാകയെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിക്കാൻ കാർട്ടൂണിസ്റ്റ് ശ്രമിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. സ്വാതന്ത്ര്യത്തിന്റെ 70–ാം വാർഷികത്തിന്റെ സന്ദേശം വായനക്കാർക്കു വ്യക്തമായി പകരുന്നതാണു കാർട്ടൂണെന്നും കോടതി പറഞ്ഞു. സുന്ദരമായ ചിത്രീകരണത്തിനു കാർട്ടൂണിസ്റ്റ് പ്രശംസ അർഹിക്കുന്നുണ്ടെന്നും കോടതി അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ 70–ാം വാർഷികം വായനക്കാരൊടൊപ്പം ആഘോഷിക്കാൻ ശ്രമിച്ച പത്രത്തെ അഭിനന്ദിക്കുകയാണു വേണ്ടതെന്നും മറിച്ച് പ്രോസിക്യൂട്ട് ചെയ്യുകയല്ല വേണ്ടതെന്നും കോടതി എടുത്തു പറഞ്ഞു.
തെറ്റായ കാര്യങ്ങൾ മാത്രം കാണുന്നവൻ എന്നർഥം വരുന്ന ദോഷൈകദൃക്ക് എന്ന മലയാളം വാക്കുണ്ട്. ഇത്തരത്തിലുള്ള സ്വഭാവം നിയന്ത്രിക്കാനാകണം നമ്മുടെ ശ്രമമെന്നും കോടതി പറഞ്ഞു. 2017 ഓഗസ്റ്റ് 15 ലെ ഒന്നാം പേജിൽ ദേശീയ പതാകയും രാഷ്ട്രപിതാവിനെയും ചേർത്ത് ‘70’ എന്നാക്കിയ കാർട്ടൂണിനെതിരെ ബിജെപിയുടെ കോഴിക്കോട് നടക്കാവ് എടക്കാട് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു കുറുപ്പ് നൽകിയ പരാതിയില്‍ എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കാർട്ടൂണിനെതിരെ നടക്കാവ് പൊലീസെടുത്ത കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.
∙ കാർട്ടൂൺ സൗന്ദര്യം
ഒട്ടേറെ പേജുകളുള്ള ഒരു ലേഖനം അതേ ആശയം പകരുന്ന ഒരു ചെറിയ കാരിക്കേച്ചറായി ചുരുക്കാൻ കഴിയുന്നതാണ് കാർട്ടൂണിന്റെ സൗന്ദര്യമെന്നും, കാർട്ടുൺ മേഖലയിൽ ഇന്ത്യയ്ക്കു സമ്പന്നമായ പാരമ്പര്യമുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ആർ.കെ.ലക്ഷ്മൺ, ശങ്കർ, ഒ.വി.വിജയൻ ഉൾപ്പെടെയുള്ളവർ പ്രശസ്ത കാർട്ടൂണിസ്റ്റുകളാണ്. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, ശങ്കറിന്റെ കാർട്ടൂണുകളെ അഭിനന്ദിച്ചിരുന്നു. ശങ്കറിനെപ്പോലുള്ളവരുടെ കാർട്ടൂണുകൾ ജനാധിപത്യ സമൂഹത്തിൽ നിർണായക പങ്കുവഹിച്ചിക്കുന്നതായി നെഹ്റു വിശ്വസിച്ചിരുന്നെന്നും കോടതി പറഞ്ഞു.
ദേശീയ പതാകയിലെ കുങ്കുമനിറത്തിന്റെ മുകൾ ഭാഗത്ത് കറുത്തവര കൊണ്ട് ഔട്ട്‌ലൈൻ ചെയ്തിട്ടുണ്ടെന്നും, കറുത്ത നിറം നൽകിയത് മനഃപൂർവം ദേശീയ പതാകയോട് അനാദരവ് കാണിക്കാനാണെന്നുമായിരുന്നു പരാതി. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതു തടയുന്ന നിയമം 1971 ന്റെ രണ്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ആരോപിച്ചത്.
കുങ്കുമനിറത്തിന്റെ മുകളിലുള്ള കറുത്തനിറം ‘7’ ന്റെ മുകൾ ഭാഗം കാണിക്കാൻ മാത്രമാണെന്നും ‘0’ രാഷ്ട്രപിതാവിന്റെ ചിത്രം ചിത്രീകരിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ മില്ലു ദണ്ഡപാണി അറിയിച്ചു. ദേശീയ പതാകയോടോ രാഷ്ട്രപിതാവിനോടോ അനാദരവ് കാണിച്ചിട്ടില്ല. 2017 ഓഗസ്റ്റ് 15ലെ എഡിറ്റോറിയൽ പേജിൽ സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് പ്രമുഖർ എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികത്തെക്കുറിച്ച് കാർട്ടൂണിസ്റ്റ്, ഒരു കലാകാരൻ എന്ന സ്വാതന്ത്ര്യത്തോടെ സ്വതസിദ്ധമായി ചിത്രീകരണം നടത്തിയതാണെന്നും കോടതിയിൽ ഹർജിക്കാരൻ വ്യക്തമാക്കി.