ADVERTISEMENT

പാലക്കാട്∙ ഈ വർഷം അസാധാരണ കാലവർഷമെന്ന ഇന്ത്യൻ കാലാവസ്ഥാ കേന്ദ്ര(ഐഎംഡി)ത്തിന്റെ പ്രവചനം വിശകലനം ചെയ്ത്, ഇത്തവണ വടക്ക് കൂടുതൽ സൂക്ഷിക്കണം, കൂടുതൽ കരുതൽ വേണമെന്നു കാലാവസ്ഥാ വിദഗ്ധരും ശാസ്ത്രജ്ഞരും പലപ്പേ‍ാഴായി, പല രീതിയിലും പറഞ്ഞിരുന്നു. വയനാട്ടിൽ പലയിടങ്ങളിലും പെരുമഴപെയ്ത്ത് തുടങ്ങിയിട്ട് ഒരാഴ്ചയായി. 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയത് 37.2 സെന്റീമീറ്റർ മഴയാണ്. 24 മണിക്കൂറിൽ 21 സെന്റീമീറ്ററാണ് അതിത്രീവ്രമഴയായി കണക്കാക്കുന്നത്. ഐഎംഡി കണക്കിൽ 48 മണിക്കൂറിനിടയിൽ ജില്ലയിൽ 57.2സെന്റീമീറ്റർ (572 മില്ലിമീറ്റർ) മഴ പെയ്തു. 

ബത്തേരി, കൽപ്പറ്റ താലൂക്കുകളിൽ ചിലയിടങ്ങളിൽ മാത്രമാണ് അതിശക്തമായ മഴ രേഖപ്പെടുത്തിയത്. വൈത്തിരി താലൂക്കിലാണ് ഉരുൾപ്പെ‍ാട്ടിയ മുണ്ടക്കൈ. അതിൽ ഇല്ലാതായ ചൂരൽമല ടൗണും. ഒരുകാലത്ത് കേരളത്തിലെ ചിറാപുഞ്ചിയായി അറിയപ്പെട്ടിരുന്ന വയനാട് ജില്ലയുടെ കവാടമായ ലക്കിടിയും ഈ മേഖലയിലാണ്. വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് വയനാട്, കേ‍ാഴിക്കേ‍ാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചില പ്രദേശങ്ങളിൽ തീവ്രമഴയും മിന്നൽ ചുഴലിയും രണ്ടാഴ്ചയായി ഇടവിട്ട് ഉണ്ടാകുന്നുണ്ട്. കാലാവസ്ഥയിലെ പലമാറ്റങ്ങൾ കാരണം മേഘങ്ങളുടെ ഘടനയിലും വലിയ വ്യത്യാസം വന്നു. കാലവർഷക്കാലത്ത് സാധാരണ ഇങ്ങനെ ഉണ്ടാകാറില്ല. തുലാവർഷത്തിനെ‍ാപ്പമാണു കാറ്റും ഇടിയും അനുഭവപ്പെട്ടിരുന്നത്.

സമയം തെറ്റി, കട്ടികൂടിയ കൂമ്പാരമേഘങ്ങൾ വൻതോതിൽ രൂപംകെ‍ാള്ളുന്നു. അവയിൽ നിന്നു താഴേക്കുണ്ടാകുന്ന തണുത്ത വായുവാണ് മിന്നൽചുഴലിക്കു (മൈക്രേ‍ാ ബേസ്റ്റ്) കാരണം. ജൂലൈ 11 വരെ മറ്റു ജില്ലകളിൽ നല്ലമഴ ലഭിച്ചപ്പേ‍ാൾ വയനാട്ടിൽ 41% മഴക്കുറവ് രേഖപ്പെടുത്തി. വൻ ഉരുൾപെ‍ാട്ടലിനു വഴിയെ‍ാരുക്കി അതിതീവ്രമഴരേഖപ്പെടുത്തിയപ്പേ‍ാഴും കണക്കിൽ ഇപ്പേ‍ാഴും 14% മഴക്കുറവുണ്ട്. വയനാട്ടിൽ ഇന്നലെ മഞ്ഞ ജാഗ്രതയായിരുന്നു. ചിലയിടങ്ങളിൽ ശക്തമായ സാധാരണമഴയാണ് അതിൽ ഉദ്ദേശിക്കുന്നത്. അതായത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ. കുറച്ചുകാലമായി ജില്ലയിൽ പെ‍ാതുവേ മഴ കുറവാണ്. മഴ ദിവസങ്ങൾ കൂടുമ്പേ‍ാഴും മഴയുടെ അളവ് കുറഞ്ഞുവരുന്നതാണു പ്രവണത. മണ്ണിന്റെ ഘടനയും നദികളും അണക്കെട്ടുകളും അധികമില്ലാത്തത് ഏതുശക്തമായ മഴയിലും സംസ്ഥാനത്തിന്റെ വടക്കുഭാഗത്ത് കെടുതികളുടെ ആഘാതം കുറച്ചിരുന്നെങ്കിലും ചിലസ്ഥലങ്ങൾ കേന്ദ്രീകരിച്ചുളള തുടർച്ചയായ തീവ്രമഴ ഉണ്ടാക്കാവുന്ന അപകട സാധ്യതകളെക്കുറിച്ചു കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരുൾപ്പെടെ പല വിദഗ്ധരും വിവിധ രീതിയിൽ സൂചിപ്പിച്ചു.

വ്യാപകമായി ശക്തമായ മഴ എന്നതിനുപകരം ചിലയിടങ്ങൾ കേന്ദ്രീകരിച്ചുള്ള തീവ്രമഴ ഇത്തവണ പതിന്മടങ്ങ് വർധിച്ചു. പ്രകൃതിദുരന്തങ്ങളുടെയും തീവ്രമഴയുടെയും കൃത്യമായ പ്രവചനത്തിന് പരിമിതികളുണ്ട്. ദുരന്തത്തിനു മുൻപിൽ മനുഷ്യസാധ്യമായ എല്ലാനീക്കവും ഒന്നുമല്ലാതാകുന്നതിന്, കർണാടക ഷിരൂർ ഗംഗാവലിയിൽ മണ്ണിടിഞ്ഞ് പുഴയിലേക്കു ലോറിയുൾപ്പെടെ മുങ്ങിപ്പേ‍ായ അർജുനും മറ്റുമുന്നു പേർക്കുംവേണ്ടിയുളള തിരച്ചിലാണ് ഒടുവിലത്തെ സങ്കടകരമായ ഉദാഹരണം. എന്നാൽ, മുന്നറിയിപ്പുകൾക്കനുസരിച്ചുള്ള മുൻകരുതൽ നടപടിവഴി മിക്കപ്പേ‍ാഴും ജീവൻ രക്ഷിക്കാൻ കഴിയുന്നു. ദുരന്തനിവാണ അതേ‍ാറിറ്റിയുടെ മുന്നറിയിപ്പുകൾ ഏറെ ഫലം ചെയ്യുന്നു. കാലാവസ്ഥ മാറ്റം സംസ്ഥാനത്ത് വർഷങ്ങളായി വരുത്തിക്കൊണ്ടിരിക്കുന്ന നാശങ്ങളും നഷ്ടങ്ങളും ദുരന്തങ്ങളും വരാൻപേ‍ാകുന്ന സ്ഥിതിവിശേഷവും ചർച്ചചെയ്ത്, തദ്ദേശമായി പ്രതിരേ‍ാധിക്കാനുള്ള പദ്ധതികൾക്കു നയപരമായി ഒരു ശക്തമായ ജനകീയ നീക്കം ഇതുവരെ ഉണ്ടായിട്ടില്ലെന്ന വിമർശനം വ്യാപകമാണ്. ഇനിയെങ്കിലും ഗൗരവമായ ശ്രമം ആരംഭിക്കണമെന്നാണ് ആവശ്യം.

വിഷയത്തിൽ ചില വകുപ്പുകളും മിഷനുകളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവ അനുഭവത്തിൽ കാണുന്നില്ല. കുറഞ്ഞ സമയംപെയ്ത തീവ്രമഴയിൽ ഡൽഹിയിലുണ്ടായ മിന്നൽപ്രളയത്തിൽ സിവിൽസർവീസ് കേ‍ാച്ചിങ് സെന്റർ ഉൾപ്പെടെ മുങ്ങി മരണങ്ങളുണ്ടായത് കഴിഞ്ഞദിവസമാണ്. അത്തരത്തിലുള്ള മഴകളാണ് മറ്റെ‍ാരു രീതിയിൽ സംസ്ഥാനത്തും സംഭവിക്കുന്നത്. പരിസ്ഥിതിയിലെ പല ഘടകങ്ങളാലും മനുഷ്യനിർമിതമായ കാരണങ്ങളാലും രൂക്ഷമാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറച്ചുവർഷമായി സംസ്ഥാനം പലതലത്തിൽ നേരിട്ടുകെ‍ാണ്ടിരിക്കുന്നു. അതിന്റെ സാമ്പത്തിക, പരിസ്ഥിതി പ്രത്യാഘാതം കണക്കുകൂട്ടലുകൾക്കും അപ്പുറത്താണ്. മലയേ‍ാരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകൾ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നു. ജലസംഭരണികളായ കുന്നുകൾ പലതും നിർമാണകേന്ദ്രങ്ങളാണിപ്പേ‍ാൾ. വിഷയത്തിൽ പഠനങ്ങളുടെയും റിപ്പേ‍ാർട്ടുകളുടെയും കുറവില്ല. മുണ്ടക്കൈ, ചൂരൽമലയിലെ ഹൃദയഭേദകമായ വൻ ദുരന്തത്തിന്റെ അനുഭവത്തിൽ പല നിരേ‍ാധനങ്ങളും നിയന്ത്രണങ്ങളും പാക്കേജുകളും വരാതിരിക്കില്ല. പിന്നീട്, എല്ലാകാലത്തെയുംപേ‍ാലെ കാര്യങ്ങൾ നടക്കും നടത്തും. അനുമതികൾ അതിവേഗത്തിലാക്കും. ഇതിനിടയിൽ, ദുരന്തത്തിലെ ഇരകളുടെ ജീവിതം ചോദ്യചിഹ്നമായി ശേഷിക്കും. ഇടുക്കി, പുത്തൂർ, കവളപ്പാറ ഉരുൾപ്പെട്ടൽ ദുരന്തങ്ങളെ തുടർന്നുണ്ടായ ഒച്ചപ്പാടും ബഹളവും അവിടങ്ങളിലെ ഇപ്പേ‍ാഴത്തെ സ്ഥിതിയും കുടുംബങ്ങളുടെ അവസ്ഥയും പരിശേ‍ാധിച്ചാൽ അതു വ്യക്തമാക്കും. വരുംദിവസങ്ങളിൽ കാലാവസ്ഥ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാട്ടുന്നത്.

കൂമ്പാരമേഘങ്ങളുടെ കേന്ദ്രീകരണത്തെ ആശ്രയിച്ചിരിക്കും മഴയുടെ അതിത്രീവതയെന്നു വിദഗ്ധർ നിരീക്ഷിക്കുന്നു. ചിലത് ദൂരംസഞ്ചരിച്ചാണ് പെയ്യുന്നതെങ്കിൽ, മറ്റുചിലത് ഒരിടത്തുനിന്നുപെയ്യും. നിന്നുപെയ്യുന്നതിന്റെ ആഘാതം പലമടങ്ങ് ഇരട്ടിയാകാം. ഈ മേഘങ്ങളുടെ രൂപീകരണത്തിലും പെയ്ത്തിലും പല ഘടകങ്ങളുടെ സ്വാധീനമുണ്ട്. കുറഞ്ഞത് ഒ‍ാഗസ്റ്റ് മൂന്നുവരെ ശക്തവും പലയിടത്തും തീവ്രമഴയും തുടരുമെന്നാണ് ഇപ്പേ‍ാഴത്തെ നിരീക്ഷണം. എറണാകുളം മുതൽ വടക്കേ‍ാട്ടാണു മഴ കൂടുതൽ. കേരളം മുതൽ ഗുജറാത്തുവരെ കാലവർഷപ്പാത്തി അതിശക്തമാണ്. തീരദേശപാത്തിയും ശക്തം. ഇതിനിടയിൽ വടക്കുകിഴക്കുഭാഗത്തുളള ന്യൂനമർദ്ദത്തിന്റെ സ്വാധീനവും നിലനിൽക്കുന്നു. വലിയതേ‍ാതിലാണ് കാർമേഘങ്ങൾ ഉണ്ടാകുന്നത്. മിന്നൽചുഴലികൾ ഇനിയും വരാം. വലിയ കരുതലാണ് ആവശ്യപ്പെടുന്നത്.

'ആരാണ് കള്ളം പറയുന്നത് എന്ന് നിങ്ങൾക്കുതന്നെ മനസിലാകും'

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും കരുതലും നടപടിയും ഉണ്ടായില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കുന്നതുപേ‍ാലെ യുഗങ്ങളെ‍ാന്നും വേണ്ട. നാലേ‍ാ അഞ്ചേ‍ാ വർഷം മതി. അന്ന് നിങ്ങളും ഞാനും ജീവിപ്പിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നത് എന്ന് നിങ്ങൾക്കുതന്നെ മനസിലാകും.- മാധവ് ഗാഡ്ഗിൽ (2013)

English Summary:

IMD Forecasts Unusual Monsoon: Heavy Rainfall Alert in Northern Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com