തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തൃശൂരിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി; മലപ്പുറത്ത് സിപിഎമ്മിന് തിരിച്ചടി
Mail This Article
തിരുവനന്തപുരം∙ വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു.
കണ്ണൂർ
ജില്ലയിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി എൽഡിഎഫ്. മൂന്നു സീറ്റുകളിലും സിപിഎം സ്ഥാനാർഥികൾ ജയിച്ചു. ഭരണമാറ്റത്തിനു വഴിയൊരുക്കുന്നതല്ല തിരഞ്ഞെടുപ്പു ഫലം. തലശ്ശേരി നഗരസഭ വാർഡ് 18 പെരിങ്കളത്ത് സിപിഎമ്മിലെ എം.എ.സുധീശൻ 237 വോട്ടുകൾക്ക് ജയിച്ചു. പടിയൂർ–കല്യാട് പഞ്ചായത്ത് ഒന്നാം വാർഡ് മണ്ണേരിയിൽ സിപിഎമ്മിലെ കെ.വി.സവിത 86 വോട്ടിനു ജയിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് ആലക്കാട് വാർഡിൽ സിപിഎമ്മിലെ എം.ലീല 188 വോട്ടുകൾക്കു ജയിച്ചു.
മലപ്പുറം
ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത തിരിച്ചടി. പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു. മുന്നിയൂർ പഞ്ചായത്തിൽ 6 പതിറ്റാണ്ടായി സിപിഎം ജയിക്കുന്ന വാർഡിൽ യുഡിഎഫ് സ്വതന്ത്ര 143 വോട്ടിനു ജയിച്ചു. വട്ടംകുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ വിജയിച്ചു. നാലു പതിറ്റാണ്ടായി സിപിഎം സ്ഥാനാർഥിയാണു ഇവിടെ ജയിക്കുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയും മലപ്പുറം നഗരസഭയിൽ മുസ്‌ലിം ലീഗും സിറ്റിങ് സീറ്റ് നിലനിർത്തി. ഒരിടത്തും ഫലം ഭരണത്തെ ബാധിക്കില്ല.
ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 3 പഞ്ചായത്ത് വാർഡുകളിൽ രണ്ടെണ്ണം സിപിഎമ്മും ഒരെണ്ണം ബിജെപിയും നേടി. സിപിഎം വിഭാഗീയത രൂക്ഷമായ രാമങ്കരി പഞ്ചായത്തിലെ 13ാം വാർഡിൽ പാർട്ടി സ്ഥാനാർഥി ജയിച്ചത് 9 വോട്ടിനാണ്. പാർട്ടിക്കു വലിയ മേൽക്കൈയുള്ള പഞ്ചായത്താണിത്. ഏറെക്കാലമായി തുടരുന്ന വിഭാഗീയതയെ തുടർന്നു 4 അംഗങ്ങൾ വിമതപക്ഷത്താണ്. ഇവിടെ കോൺഗ്രസുമായി ചേർന്നാണു ഭരിക്കുന്നത്. സിപിഎം വിമതപക്ഷത്തുള്ള മുൻ പ്രസിഡന്റ് രാജി വച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. ചെറിയനാട് നാലാം വാർഡിൽ സിപിഎം അംഗം മരിച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ബിജെപി പിടിച്ചെടുത്തു. ഭൂരിപക്ഷം 107. ഇവിടത്തെ എൽഡിഎഫ് ഭരണത്തിനു ഭീഷണിയില്ല. മാന്നാർ 11ാം വാർഡിൽ ജയിച്ച സിപിഎം ഭരണസമിതിയിൽ ഭൂരിപക്ഷം ഉറപ്പിച്ചു. 120 വോട്ടിനാണു ജയം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശേഷം എൽഡിഎഫിനൊപ്പം ചേർന്ന അംഗത്തിന്റെ പിന്തുണയിലായിരുന്നു ഇവിടെ എൽഡിഎഫ് ഭരണം. കൂറുമാറിയ ആൾ അയോഗ്യനായതോടെയാണു തിരഞ്ഞെടുപ്പു വന്നത്. ഇപ്പോൾ എൽഡിഎഫിനു തനിച്ചു ഭൂരിപക്ഷമായി.
തൃശൂർ
പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. 947 പോൾ ചെയ്ത വോട്ടിൽ 556 വോട്ട് ബിജെപി. എസ്‌ഡിപിഐ 265 വോട്ട് നേടി രണ്ടാം സ്ഥാനത്ത്. 97 വോട്ട് ലഭിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തും 29 വോട്ട് നേടിയ എൽഡിഎഫ് നാലാം സ്ഥാനത്തുമാണ്. സീറ്റ് നില: എൽഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 2, എസ്ഡിപിഐ 2, സ്വത 1. സ്വതന്ത്രനെ പ്രസിഡന്റാക്കി എൽഡിഎഫ് ഭരിക്കുന്നു.
എറണാകുളം
ജില്ലയിൽ ചൂർണിക്കര പഞ്ചായത്ത് ഒൻപതാം വാർഡിൽ 123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ.കെ.ഷെമീർ ലാല (യുഡിഎഫ്) വിജയിച്ചു. യുഡിഎഫ് തന്നെയാണു പഞ്ചായത്ത് ഭരിക്കുന്നത്. വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡും യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷുക്കൂർ പാലത്തിങ്കൽ 105 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. യുഡിഎഫിനു ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ പക്ഷേ, എൽഡിഎഫിനാണു പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായ പഞ്ചായത്തിൽ യുഡിഎഫിന് ആ വിഭാഗത്തിൽനിന്ന് അംഗമില്ലാത്തതാണു കാരണം. എൽഡിഎഫ് ഭരിക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിലെ 8–ാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. രതി ബാബു വിജയിച്ചു.
കോഴിക്കോട്
ഓമശേരി പഞ്ചായത്തിലെ മങ്ങാട് ഈസ്‌റ്റ് പതിനേഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ജയം. സിപിഎം സ്ഥാനാർഥി ബീന പത്മദാസൻ 72 വോട്ടിന്റെ ഭൂരിപക്ഷത്തിനു സീറ്റ് നിലനിർത്തി. സിപിഎം പഞ്ചായത്ത് അംഗം പങ്കജവല്ലിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 86.88 ആയിരുന്നു പോളിങ് ശതമാനം. മുക്കം കൊടിയത്തൂർ പഞ്ചായത്ത് മാട്ടുമുറി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു ജയം.
യുഡിഎഫിന്റെ യു.പി. മമ്മദ് 44 വോട്ടിന് ജയിച്ചു. ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിന്റെ ആശങ്കയിലാണ് യുഡിഎഫ്. നേരത്തെ യുഡിഎഫിലെ ശിഹാബ് മാട്ടുമുറി 320 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. ശിഹാബ് രാജിവച്ച ഒഴിവിലേക്കായിരുന്നൂ തിരഞ്ഞെടുപ്പ്. മുൻ പഞ്ചായത്ത് അംഗം കബീർ കണിയാത്ത് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.
പാലക്കാട്
ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ എൽഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. മങ്കര, തച്ചമ്പാറ പഞ്ചായത്തുകളിലാണ് യുഡിഎഫിന് അട്ടിമറി ജയം. ഷോളയൂർ പഞ്ചായത്ത് കോട്ടത്തറ വാർഡ് എൽഡിഎഎഫ് നിലനിർത്തി. 311 വോട്ടുകൾക്ക് സിപിഎമ്മിലെ പി.ബാലകൃഷ്ണൻ ജയിച്ചു. പുതുനഗരം പഞ്ചായത്ത് തെക്കത്തിവട്ടാരം വാർഡിൽ ലീഗിലെ താജുമ്മ മുജീബയിലൂടെ യുഡിഎഫ് നിലനിർത്തി.
തച്ചമ്പാറ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നൗഷാദ് ബാബു 75 വോട്ടിന് ജയിച്ചു. സിപിഎം സീറ്റാണിത്. മങ്കരപഞ്ചായത്തിൽ സിപിഐയുടെ സിറ്റിങ് സീറ്റായ നാലാംവാർഡാണ് യുഡിഎഫ് പിടിച്ചെടുത്ത മറ്റൊരു സീറ്റ്. കോൺഗ്രസിലെ അനുശ്രീ ഇവിടെ 127 വോട്ടിന് ജയിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പെരുവമ്പ് വാർഡ് സിപിഎം സ്ഥാനാർഥി പ്രസന്നകുമാരിയിലൂടെ എൽഡിഎഫ് നിലനിർത്തി.
തിരുവനന്തപുരം
ജില്ലയിലെ എട്ട് തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൂത്തുവാരി സിപിഎം. ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകള്‍, പെരിങ്ങമ്മല പഞ്ചായത്തിലെ കരിമണ്‍കോട്, മടത്തറ, കൊല്ലായില്‍ വാര്‍ഡുകള്‍, കരവാരം പഞ്ചായത്തിലെ പട്ടള, ചാത്തമ്പാറ വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും സിപിഎം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയാണ് എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചത്. യുഡിഎഫിന്റെ വെള്ളനാട് ഡിവിഷനംഗമായിരുന്ന വെള്ളനാട് ശശി സ്ഥാനം രാജിവച്ച് എല്‍ഡിഎഫിലേക്കു കൂറുമാറി മത്സരിക്കുകയായിരുന്നു. ഇതോടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് 5 ആയി കുറഞ്ഞു. എല്‍ഡിഎഫിന് 21 അംഗങ്ങളായി. 1143 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശശി ജയിച്ചത്. വെള്ളനാട് ശശി 15356 വോട്ടും വി.ആര്‍.പ്രതാപന്‍ 14213 വോട്ടും ബിജെപിയുടെ മുളയറ രതീഷ് 7013 വോട്ടും നേടി. കഴിഞ്ഞ തവണ 210 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വെള്ളനാട് ശശിയുടെ വിജയം.
പെരിങ്ങമല പഞ്ചായത്തിലെ 3 വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതോടെ യുഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റടക്കം യുഡിഎഫിലെ 3 പേര്‍ രാജിവച്ച് എല്‍ഡിഎഫിലെത്തിയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 3 പേരും ജയിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ മടത്തറയില്‍ സിപിഎം സ്ഥാനാര്‍ഥി ഷിനു മടത്തറ വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈജ ലൈജുവിനെയാണ് പരാജയപ്പെടുത്തിയത്. കൊല്ലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റുക്കിയാബീവിയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ കലയപുരം അന്‍സാരി വിജയിച്ചു.
കരിമണ്‍കോട് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി എം.ഷെഹാസ് വിജയിച്ചു. കോണ്‍ഗ്രസിന്റെ ജി.സുഭാഷിനെയാണു പരാജയപ്പെടുത്തിയത്. പെരിങ്ങമല പഞ്ചായത്തില്‍ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മടത്തറ, കൊല്ലായില്‍, കരിമണ്‍കോട് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. 3 സീറ്റും പിടിച്ചെടുത്തതോടെ സിപിഎമ്മിന് ഭരണം ലഭിക്കും. 2 സീറ്റെങ്കിലും നിലനിര്‍ത്തിയാല്‍ യുഡിഎഫിനു ഭരണത്തില്‍ തുടരാമായിരുന്നു.
കരവാരം പഞ്ചായത്തിലെ പട്ടള വാര്‍ഡില്‍ സിപിഎമ്മിലെ ബേബി ഗിരിജ വിജയിച്ചു. ബിജെപിയിലെ എസ്.ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ചാത്തന്‍പാറയിലും സിപിഎം വിജയിച്ചു. കോണ്‍ഗ്രസിലെ രാജി ടീച്ചറെ പരാജയപ്പെടുത്തി സിപിഎമ്മിലെ വിജി വേണുവാണ് ജയിച്ചത്. ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങള്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. പഞ്ചായത്ത് ഭരണം എന്‍ഡിഎക്കാണ്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്കില്‍ സിപിഎം സ്ഥാനാര്‍ഥി എം.എസ്.മഞ്ജു വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയുടെ ആര്‍.എസ്.മിനി മൂന്നാം സ്ഥാനത്തെത്തി.
തോട്ടവാരം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.നിഷയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥ ജി.ലേഖ വിജയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ക്കു മുന്‍പ് എന്‍ഡിഎയിലെ 2 വനിതാ അംഗങ്ങള്‍ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞു രാജിവച്ചതിനെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. ആകെയുള്ള 31 അംഗങ്ങളില്‍ 18 പേര്‍ എല്‍ഡിഎഫ് പ്രതിനിധികളും 6 പേര്‍ കോണ്‍ഗ്രസും 7 പേര്‍ എന്‍ഡിഎയും ആണ്.
പത്തനംതിട്ട
ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴംകുളം പഞ്ചായത്തിലെ 4ാം വാർഡിൽ യുഡിഎഫിനു വിജയം. എൽഡിഎഫിൽനിന്നു സീറ്റ് പിടിച്ചെടുത്തു. സ്ഥാനാർഥി സി.സദാനന്ദന്റെ ഭൂരിപക്ഷം 46 വോട്ട്. എൽഡിഎഫ് വാർഡ് അംഗം മരിച്ചതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകില്ല. ചിറ്റാർ പഞ്ചായത്ത് 2ാം വാർഡിൽ യുഡിഎഫിനു വിജയം. ജോളി ആലാമേലേതിൽ 193 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഈ വാർഡിൽനിന്നു ജയിച്ച യുഡിഎഫ് അംഗം കൂറുമാറി എൽഡിഎഫിനെ പിന്തുണച്ച് പഞ്ചായത്ത് പ്രസിഡന്റായതിനെതുടർന്ന് അയോഗ്യനാക്കിയിരുന്നു. കഴിഞ്ഞ തവണ 3 വോട്ടിനു ജയിച്ച വാർഡിൽ ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാനും യുഡിഎഫിനു കഴിഞ്ഞു. ഇതോടെ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫിനു ഭൂരിപക്ഷമായി.
കോട്ടയം
ജില്ലയിൽ മൂന്ന് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് - 1, എൽഡിഎഫ് - 2. വാകത്താനം ഗ്രാമപഞ്ചായത്തിലെ 11- (പൊങ്ങന്താനം) വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ബവിത ജോസഫ് രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബവിത ജോസഫ് 368 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സജിനി മാത്യൂ 366 വോട്ടും ബിജെപി സ്ഥാനാർഥി സുമ 48 വോട്ടും നേടി. യുഡിഎഫ് അംഗത്തിന്റെ മരണത്തെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിൽ (പൂവൻതുരുത്ത്) നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മഞ്ജു 487 വോട്ട് നേടിയപ്പോൾ ബിജെപി സ്ഥാനാർഥി അശ്വതി രാജേഷ് 358 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ സിപിഎം സ്ഥാനാർഥി ജെസി ജെയിംസ് 286 വോട്ടുമായി മൂന്നാം സ്ഥാനത്തായി.
വൈക്കം ചെമ്പ് കാട്ടിക്കുന്ന് ഒന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ നിഷ വിജു 126 വോട്ടിനാണു വിജയിച്ചത്. നിഷ വിജു 473 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ കവിത ഷാജി 347 വോട്ടും ബിജെപിയുടെ സിന്ധു മുരളി 42 വോട്ടും നേടി. കാട്ടിക്കുന്ന് വാർഡ് മെമ്പറായിരുന്ന എൽഡിഎഫിലെ ശാലിനി മധു തുടർച്ചയായി പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയിരുന്നു. തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് ഭരണം നടത്തുന്ന ചെമ്പിൽ നിലവിൽ എൽഡിഎഫ് - 8 കോൺഗ്രസ് - 4, കേരള കോൺഗ്രസ് (ജോസഫ്)- 1, ബിജെപി - 1 എന്നിങ്ങനെയാണ് കക്ഷി നില.