ചൂരൽമല ഉരുളെടുത്തു, പുറംലോകം കാണാനാകാതെ അട്ടമല നിവാസികൾ; രക്ഷയ്ക്ക് മറ്റൊരു ദൗത്യസംഘം
Mail This Article
മേപ്പാടി∙ ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ – ചൂരൽമല മേഖലയ്ക്ക് സമീപം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം ചൂരൽമലയിലെ അപകടത്തെ തുടർന്ന് നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്.
അട്ടമല നിവാസികൾക്ക് പുറത്തേക്ക് കടക്കാനുള്ള ഏകമാർഗം ചൂരൽമലയാണ്. ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒലിച്ചു പോയതോടെയാണ് ഒന്നര ദിവസമായി അട്ടമലക്കാർ ഇവിടെ കുടുങ്ങിയത്. നിലവിൽ അട്ടമലയിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പരുക്ക് പറ്റിയവരുണ്ടെങ്കിൽ ഇവർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന്റെ സംഘം കൂടി ദൗത്യ സംഘത്തിനൊപ്പം അട്ടമലയിലേക്ക് നീങ്ങിയിട്ടുണ്ട്.
രക്ഷപ്പെടുത്തി എത്തിക്കുന്ന അട്ടമല നിവാസികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും മാറ്റുക. അട്ടമലയിൽ പ്രധാനമായും ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് നിഗമനം. തോട്ടം ജോലികൾക്കായി എത്തിയ ഇവർ പ്രദേശത്തെ പാടികളിലാണ് കഴിഞ്ഞിരുന്നത്. ഉരുൾപ്പൊട്ടലിൽ അട്ടമലയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.