മേപ്പാടി∙ വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപത്രിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി. പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ പുനഃരാരംഭിക്കും. പോത്തുകല്ലിൽനിന്ന് 31 മൃതദേഹങ്ങൾ മേപ്പാടി ഹൈസ്കൂളിൽ എത്തിച്ചു. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്. അതിതീവ്രമഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ വയനാട്ടിൽ റെഡ് അലർട്ടാണ്.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുൻപേ ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണു സൈന്യം. അർധരാത്രിയോടെ തന്നെ പാലം നിർമാണം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് സൈനികർ. പകൽ കാലാവസ്ഥ മോശമായതിനെ തുടർന്നു പാലം നിർമാണം അൽപ്പസമയത്തേക്കു നിർത്തേണ്ടി വന്നിരുന്നു. 190 മീറ്റർ നീളമുള്ള പാലമാണു നിർമിക്കേണ്ടത്. മുണ്ടക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു താൽക്കാലികമായി തടികൊണ്ടുനിർമിച്ച പാലം മുങ്ങിയിരുന്നു.
വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാംപിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തുനിന്നു ക്യാംപുകളിലേക്കു മാറണം. തദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫിസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.