‘ഒരാളുടെ ദേഹത്ത് കമ്പി തുളച്ചുകയറി; കെട്ടിപ്പിടിച്ച നിലയിൽ 3 മൃതദേഹങ്ങൾ, അതെന്റെ ബന്ധുക്കളായിരുന്നു’
Mail This Article
മേപ്പാടി∙ ‘‘നേരം വെളുത്തുനോക്കുമ്പോൾ മുൻപിൽ മരുഭൂമിയാണ്... ദേഹത്ത് കമ്പി തുളച്ചുകയറിയനിലയിൽ ഒരാൾ... കെട്ടിപ്പിടിച്ചനിലയിൽ മൂന്നു മൃതദേഹങ്ങള്‍... അതെന്റെ ബന്ധുക്കളായിരുന്നു’’ – വിതുമ്പലടക്കാനാകാതെ മുണ്ടക്കൈ നിവാസി ജിതിക പ്രേം മനോരമ ഓൺലൈനിനോട് പറഞ്ഞു. മുണ്ടക്കൈയിൽ മുസ്‌ലിം പള്ളിയുടെ മുകളിലുള്ള ലയത്തിലായിരുന്നു താമസം. നൃത്താധ്യാപികയായ ഇവരുടെ ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും ഇപ്പോഴില്ലെന്നും കരച്ചിലോടെ അവർ കൂട്ടിച്ചേർത്തു. മാറാനുള്ള വസ്ത്രം പോലും ഇല്ലായിരുന്നു. ക്യാംപിലെത്തിപ്പോൾ ലഭിച്ച ഷർട്ടാണിതെന്നും ധരിച്ച വസ്ത്രം ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.
‘‘പുലർച്ചെ ഒന്നരയ്ക്ക് ഭയങ്കര ഒച്ച കേട്ടു. ഇതിനുപിന്നാലെ ഞങ്ങളെല്ലാരും എഴുന്നേറ്റു. ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി എന്തോ ആപത്ത് വരുന്നുണ്ടെന്നു. കുട്ടികളെയും അച്ഛനെയും അമ്മയെയുമൊക്കെ എഴുന്നേൽപ്പിച്ചു. ആദ്യം പൊലീസിനെ വിളിച്ചു. പിന്നീട് മറ്റുള്ളവരെയും വിളിച്ചു പറഞ്ഞു. താഴെ താമസിക്കുന്നവരെയും വിളിച്ചു. പക്ഷേ ബെൽ അടിക്കുന്നതല്ലാതെ അവർ എടുക്കുന്നുണ്ടായിരുന്നില്ല. ആദ്യത്തെ ഉരുൾ പൊട്ടിയപ്പോൾത്തന്നെ ആളുകൾ രക്ഷിക്കണേയെന്നു വിളിച്ചു നിലവിളിക്കുന്നുണ്ട്. രണ്ടാമത്തെ ഉരുൾ പൊട്ടിയപ്പോൾ പിന്നെ ഇവരുടെ ശബ്ദം കേൾക്കാതായി.
പിന്നെ മൂന്നാമതും ഉരുൾപൊട്ടി. ഇതോടെ താഴെനിന്നും മുകളിൽനിന്നും ആളുകളെത്തി. ഇതോടെ മുകളിലേക്കു മാത്രമേ ഓടാവൂ എന്നു ഞങ്ങൾ തീരുമാനിച്ചു. അച്ഛന്റെ പ്രായമുള്ള കുറേപ്പേരുണ്ടായിരുന്നു. ഇവരെ അവിടെയുള്ള ഡിസ്പെൻസറിയിൽ കൊണ്ടാക്കി. ബാക്കിയുള്ളവർ റോഡിലും നിന്നു. വരുന്നിടത്തുവച്ചുകാണാമെന്ന അവസ്ഥയായി അപ്പോഴെല്ലാവർക്കും. കനത്ത മഴ നനഞ്ഞു നിൽക്കുകയായിരുന്നു ഞങ്ങളെല്ലാവരും. ഇരുട്ടായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല.
രാവിലെ നോക്കുമ്പോഴാണ് താഴെ മരുഭൂമിപോലെയായതു കാണുന്നത്. അവിടെയൊരു കുട്ടി രക്ഷിക്കണേയെന്നുവിളിച്ചു കൈ കാണിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ പോയി രക്ഷിച്ചു. വേറൊരു ആൺകുട്ടിയെയും രക്ഷിച്ചു. പിന്നൊരു ഉമ്മാനെയും. ഒരു വീട്ടിലെ താത്തയെയും രണ്ടുമക്കളെയും രക്ഷിച്ചു. ഒരാളെ രക്ഷിക്കാൻ പറ്റിയില്ല. കമ്പി തുളച്ചുകയറി കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ വന്ന് ഞങ്ങളെ ക്യാംപിലേക്ക് എത്തിച്ചു.
കയറൊക്കെ കെട്ടി ഇങ്ങോട്ടു പോരുമ്പോൾ എന്റെ ചേട്ടായി വന്ന് കൈ കൊണ്ടു മണ്ണു മാന്തി അതിനുള്ളിലുള്ളവരെ തപ്പാൻ തുടങ്ങി. അപ്പോൾ രക്ഷാപ്രവർത്തകരും അവിടെയെത്തി തിരച്ചിൽ നടത്തി. കെട്ടിപ്പിടിച്ച രീതിയിൽ ശിവൻ, ജിജിന, പ്രമോദിനി എന്ന മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. എന്റെ അമ്മായിയുടെ മോനും ഭാര്യയും മോളുമാണ് ഇവർ. ഞാൻ എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നയാളാണ്. അവരാരും ഇപ്പോഴില്ല’’ – ജിതിക പറഞ്ഞുനിർത്തി.