മേപ്പാടി∙ ‘‘ഞങ്ങളുടെ വീടിരിക്കുന്ന ഭാഗത്താണ് അപകടം കൂടുതൽ എന്നുപറഞ്ഞ് എല്ലാവരും ഞങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞു. പക്ഷേ ഇപ്പോൾ അവിടെ ബാക്കിയുള്ളത് ഞങ്ങളുടെ വീട് മാത്രമാണ്. ഇനി അങ്ങോട്ട് കയറാനോ പോകാനോ പറ്റില്ല’’– അപകടമുണ്ടായേക്കുമെന്നു പറഞ്ഞ് മാറിത്താമസിക്കാൻ സുഹൃത്തുക്കൾ നിർബന്ധിച്ചതനുസരിച്ച് വീട്ടിൽ നിന്ന് മാറിയതായിരുന്നു സുലൈമാനും കുടുംബവും. അതുകൊണ്ട് ജീവൻ മാത്രം തിരിച്ചുകിട്ടി. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും ഒപ്പം ഇറക്കിക്കൊണ്ടുവന്നവരെയും ഉരുൾ കവർന്നതിന്റെ വേദനയിൽ പാടെ തകർന്നിരിക്കുകയാണ് സുലൈമാൻ.
‘‘രാത്രിയിൽ മഴ കൂടിയപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോന്നു. പഞ്ചായത്തിൽനിന്ന് വിളിച്ചുപറഞ്ഞിരുന്നു. ഞങ്ങൾ താമസിക്കുന്ന സ്ഥലത്താണ് വലിയ അപകടം ഉണ്ടായിരുന്നത്. മുഴുവൻ ആളുകളും ഞങ്ങളോടാണ് മാറാൻ പറഞ്ഞത്. പക്ഷേ ഉദ്ദേശിക്കാത്ത സ്ഥലത്ത് കൂടിയാണ് ഉരുൾപൊട്ടി വന്നത്. ഇത്രയൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.
ജനം തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അഞ്ചുസെന്റ് പത്തുസെന്റ് സ്ഥലത്ത് വീടുവച്ച് താമസിക്കന്നവരാണ്. എല്ലാവരും പാവങ്ങളാണ്. ചെറിയ സ്ഥലങ്ങളുള്ളവരാണ്. അതിൽക്കൂടുതൽ ആർക്കുമില്ല. അടുത്തടുത്ത് വീടാണ്. എന്റെ അയൽപ്പക്കത്തെ മൂന്നു വീട് പോയി. ആ ഭാഗത്ത് ശേഷിക്കുന്നത് ഞങ്ങളുടെ വീട് മാത്രമാണ്. ഞങ്ങൾ ഇറക്കിക്കൊണ്ടുവന്നവരെല്ലാം പോയി. എന്റെ സുഹൃത്തുക്കളെല്ലാം പോയി..’’– സംഭവത്തെപ്പറ്റി പറഞ്ഞുതുടങ്ങിയതും സുലൈമാൻ കരഞ്ഞുതുടങ്ങി.
അപകടസാധ്യത മുന്നിൽ കണ്ട് സുലൈമാനും സുഹൃത്തുക്കളും ചേർന്ന് ഇറക്കിക്കൊണ്ടുവന്ന കുറച്ചു അയൽക്കാർ ബന്ധുവീട്ടിലേക്കാണ് പോയത്. ആ വീടടക്കം ഒലിച്ചുപോയി. സുലൈമാന്റെ ഉമ്മയുടെ അനിയത്തിയുടെ കുടുംബത്തെയും ഉരുൾപൊട്ടലിൽ കാണാതായി. തിരച്ചിൽ ഇപ്പോഴും ആ ഭാഗത്തേക്ക് എത്തിയിട്ടില്ല. ഒറ്റ രാത്രിയിലുണ്ടായ ദുരന്തമേൽപ്പിച്ച ആഘാതത്തിലാണ് സുലൈമാൻ. ആരോഗ്യം മോശമായി. കരഞ്ഞുകൊണ്ടല്ലാതെ ഒരുവാക്കുപോലും പറയാനാകുന്നില്ല. ഇപ്പോൾ അമ്പലവയലിൽ മകളുടെ വീട്ടിലാണ് സുലൈമാനും കുടുംബവുമുള്ളത്.
English Summary:
How Sulaiman's Family Survived the Wayanad Landslide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.