വയനാട്ടിൽ അനാഥരായ കുട്ടികളെ പൊന്നുപോലെ നോക്കാം, മുലപ്പാൽ നല്കാൻ തയാർ: ചേർത്തുപിടിച്ച് കേരളം
Mail This Article
ഒറ്റരാത്രികൊണ്ടാണ് ഒരു പ്രദേശമാകെ മണ്ണിനടിയിലായത്. എത്ര ജീവനുകളാണ് ഇനിയും കണ്ടെത്താനുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല. വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങളടക്കമുള്ളവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. നിരാലംബരെ ചേർത്തുപിടിച്ച ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ഓർമിപ്പിക്കുകയാണ് സഹായഹസ്തമവുമായി വിവിധയിടങ്ങളിൽ എത്തുന്നവർ. കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാകുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില കുറിപ്പുകൾ.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്സ് ആപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. ഇതിന് പിന്നാലെ ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്നണെന്ന് പറഞ്ഞ് രംഗത്ത് വന്നു.
‘ഞങ്ങൾ ഇടുക്കിയിൽ ആണ് എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ട് എങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ.’– എന്നാണ് ബന്ധപ്പെടേണ്ട ഫോൺനമ്പർ സഹിതം ഇടുക്കിക്കാരനായ സജിൻ സമൂഹമാധ്യമത്തിൽ കുറിച്ചത്.
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറായി മറ്റുപലരും സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തി. എങ്ങനെ എത്തിക്കണമെന്ന കാര്യത്തിലുള്ള ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കലക്ടറുടെ പോസ്റ്റിനു താഴെയും കുട്ടികളെ വളർത്താൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകൾ എത്തി. ‘‘അനാഥരെന്നു കരുതുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മാഡം. എനിക്ക് കുട്ടികളില്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം.’’–എന്നാണ് കോഴിക്കോട് സ്വദേശിയായ ഒരാൾ കമന്റ് ചെയ്തത്.