ADVERTISEMENT

ചൂരൽമല കഴിഞ്ഞ് മൂന്നു കിലോമീറ്ററോളം ദൂരം തേയിലത്തോട്ടത്തിലൂടെ പോയാലാണ് മുണ്ടക്കൈ എത്തുന്നത്. എൽപി സ്കൂളും മുസ്‌ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും അമ്പലവുമെല്ലാമുള്ള ഗ്രാമം. ഈ കുന്നിൻമുകളിലെ അമ്പലമുറ്റത്താണ് റോഡ് അവസാനിക്കുന്നത്. ടേബിൾ ടോപ്പായ സ്ഥലത്താണ് അമ്പലം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ദൂരെ മലനിരകളും കുന്നിൻചെരിവുകളും തേയിലത്തോട്ടങ്ങളും കാണാം. മലമുകളിനെ ഇടയ്ക്കിടയ്ക്ക് തഴുകിപ്പോകുന്ന കോടമഞ്ഞ് മുണ്ടക്കൈയിലേക്കും ചിലപ്പോൾ ഇറങ്ങി വരും. ഓരോ വീട്ടിലേയും ആളുകൾ പരസ്പരം അറിയുന്നവർ. ഒരോ വീട്ടിലുമുണ്ടാകുന്ന സന്തോഷങ്ങളിലും ദുഃഖങ്ങളിലും‍ എല്ലാവരും പങ്കാളികളുമാകും.ഉത്സവങ്ങളും പള്ളിപ്പെരുന്നാളും ഒരുമിച്ച് കൊണ്ടാടുന്നവർ. മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതിമനോഹരിതയുടെ സംഗമഭൂമിയായ ഇടമായിരുന്നു മുണ്ടക്കൈ.

നിമിഷം നേരം കൊണ്ട് ആ നാട് ഇല്ലാതായി. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുമ്പേ ആളുകളുടെ വായിലും മൂക്കിലും ചേറ് കയറി. രണ്ട് നില കെട്ടിടത്തോളം വലിപ്പമുള്ള പാറക്കല്ലുകൾ വീടുകളേയും വീട്ടിലുള്ളവരേയും അടിച്ചു തെറിപ്പിച്ചുകൊണ്ടുപോയി. മിനുറ്റുകൾ കൊണ്ട് ശരീരം കൊടുകാട് കടന്ന 25 കിലോമറ്ററോളം ഒഴുകി അടുത്ത ജില്ലയായ മലപ്പുറത്തെ ചാലിയാർ പുഴയിലെത്തിച്ചു. ഇതിനിടെ ജീവൻ മാത്രം കയ്യിൽപ്പിടിച്ച് ചിലർ ഓടിരക്ഷപ്പെട്ടു. അവർക്കിനി എന്തുണ്ട് എന്നുചോദിച്ചാൽ പ്രാണനും ജീവിച്ചിരിക്കുന്നിടത്തോളം കാലം അലട്ടുന്ന മരണഭീതിയും മാത്രമായിരിക്കും. എത്രയോ കാലം കൊണ്ട് സ്വരുക്കൂട്ടിയും മിച്ചംപിടിച്ചും വച്ചത് സെക്കൻഡുകൾക്കൊണ്ട് മണ്ണടിച്ചു. ജീവൻ ബാക്കിയായ മുണ്ടക്കൈയിൽ ജനിച്ചുവളർന്നവർക്ക് ഇനി അവിടേക്ക് ഒരു തിരിച്ചുപോക്കില്ല. ഇനി എവിടേക്ക് പോകുമെന്ന ചോദ്യത്തിനും ഉത്തരമില്ല.

വയനാട് ജില്ലയിൽ കോഴിക്കോട്, മലപ്പുറം വനമേഖലയോടു ചേർന്നാണു മുണ്ടക്കൈ. ഏലം– തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലം. സഞ്ചാരികൾക്കിത് വയനാട്ടിലെ മൂന്നാറാണ്. ഒട്ടേറെ റിസോർട്ടുകളുമുണ്ട്. മുണ്ടക്കൈയിൽനിന്നു വനത്തിലൂടെ നിലമ്പൂരിലെത്താം. ചാലിയാറിന്റെ ഉദ്ഭവസ്ഥാനവും ഇവിടെയാണ്. താമസക്കാരിൽ കൂടുതലും തോട്ടം തൊഴിലാളികൾ. സമീപപ്രദേശമായ ചൂരൽമലയും 2019 ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും തോട്ടം മേഖലയാണ്.

ചുറ്റും മലനിരകൾ താഴ്​വാരത്തിലൊരു ഗ്രാമം. നിറയെ വീടുകളും മരങ്ങളും സ്കൂളും എല്ലാമുള്ള ഇടമായിരുന്നു ചൂരൽമല ഗ്രാമം. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ ഒരു പച്ചപ്പുപോലും അവശേഷിക്കാതെ ആ ഗ്രാമം അപ്പാടെ ഇല്ല...

2019 ഒക്ടോബറിൽ ഈ വഴിയിലൂടെ ബൈക്ക് യാത്ര നടത്തിയപ്പോൾ കണ്ടതൊന്നും ഇന്ന് ഇവിടില്ല! മുൻപ് മുണ്ടക്കൈ ഇങ്ങനെയായിരുന്നു, പഴയ കാഴ്ചകളിലൂടെ...

മേപ്പാടി മുതല്‍ മുണ്ടക്കൈ വരെ കുന്നായ കുന്നു മുഴുവനും തേയിലയാണ്. ഇടയ്ക്കിടയ്ക്ക് സില്‍വര്‍ ഓക്ക് മരങ്ങള്‍ ആകാശത്തേക്കു കൂര്‍ത്തു നില്‍ക്കും. തേയില എസ്‌റ്റേറ്റുകള്‍ക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും പോകുന്ന ചെറിയ റോഡ്. വാഹനത്തിരക്ക് തീരെ ഇല്ലാത്ത ഈ വഴിയിലധികവും കെഎസ്ആര്‍ടിസിയും ജീപ്പുമാണ് ഓടുന്നത്. കുന്നില്‍ മുകളിലേക്ക് കയറിപ്പോകുന്ന പല വഴികളും എസ്‌റ്റേറ്റ് പാടികളില്‍ അവസാനിക്കുന്നു. ഷീറ്റ് മേഞ്ഞ നീണ്ട പാടിമുറികള്‍. ചെറിയ മൂന്നു മുറികളാണ് ഒരു കുടുംബത്തിനുണ്ടാകുക. എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി കമ്പനി നിര്‍മിച്ചു നല്‍കിയതാണ് പാടികള്‍. പാടിയുടെ മുറ്റത്തു നിന്നാല്‍ തേയിലക്കുന്നുകളിലേക്ക് ചെരിഞ്ഞിറങ്ങി വരുന്ന മഴ കാണാം. ചിലപ്പോഴൊക്കെ കോടമഞ്ഞും പാഞ്ഞുവരും. ഉരുള്‍ പൊട്ടിയ പുത്തുമല കടന്നു വേണം മുണ്ടക്കൈയ്ക്കു പോകാന്‍. ഭീതിപ്പെടുത്തുന്ന മൂകത ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടവും 900 കണ്ടിയുമെല്ലാം ഈ വഴിക്കാണ്. വിനോദ സഞ്ചാരികള്‍ സൂചിപ്പാറ വെള്ളച്ചാട്ടം തേടിയാണ് വരാറ്. അവിടെനിന്നു വീണ്ടും മുന്നോട്ടു പോയാല്‍ മുണ്ടക്കൈ എത്താം. പോകുന്ന വഴിക്കാണ് തല ഉയര്‍ത്തിപ്പിടിച്ച് ദൂരേക്കു നോക്കി നില്‍ക്കുന്ന സെന്റിനല്‍ റോക്ക്.

mundakkai-tea
തേയില തോട്ടങ്ങൾ

സെന്റിനല്‍ റോക്ക്

തേയിലച്ചെടികളുടെ കാവല്‍ക്കാരനായി സങ്കല്‍പ്പിച്ചാകണം വെള്ളാരംപാറയ്ക്ക് സെന്റിനല്‍ റോക്ക് എന്നു പേരു നല്‍കിയത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷനു കീഴിലുള്ള ഇവിടുത്തെ എസ്റ്റേറ്റിനും സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് എന്നാണ് പേര്. മഴപെയ്ത് കുതിര്‍ന്നു കിടക്കുന്ന പാറ. വലിയൊരു പാറയും അല്‍പം ചെറിയൊരു പാറയും അടുത്തടുത്തായി നില്‍ക്കുന്നു. ഏറ്റവും വലിയ പാറയില്‍ നല്ല വലിപ്പത്തില്‍ സെന്റിനല്‍ റോക്ക് (കാവല്‍ക്കാരന്‍ പാറ) എന്ന് എഴുതിയിരിക്കുന്നു. 

mundakkai-rock
സെന്റിനല്‍ റോക്ക്
mundakkai-river
ഈ പുഴയിലേക്കാണ് മലവെള്ളപാച്ചിൽ എത്തിയത്

മുണ്ടക്കൈ ഗവ.സ്‌കൂൾ

സെന്റിനല്‍ റോക്കിനോട് സലാം പറഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു. മുണ്ടക്കൈ ഗവ.സ്‌കൂളിനു സമീപത്തുകൂടി പുഴ ഒഴുകുന്നു. തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ കലങ്ങിയ വെള്ളമാണ് പുഴയിലൂടെ വരുന്നത്. മഴ മാറിയാല്‍ സ്ഫടികം പോലെ തിളങ്ങുന്ന വെള്ളം പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ തത്തിക്കളിച്ചൊഴുകും. മുണ്ടക്കൈ അങ്ങാടിയില്‍ ടാർ റോഡ് അവസാനിക്കുന്നു. പിന്നീടങ്ങോട്ട് ചെറിയൊരു മണ്‍പാതയാണ്. കുന്നിന്‍മുകളിലേക്കു കുത്തനെ കയറിപ്പോകുന്ന പാത ചിലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പാത തീരുന്നത് അമ്പലമുറ്റത്താണ്. ടേബിൾ ടോപ്പ് പോലുള്ള ആ കുന്നിന്‍മുകളില്‍ അമ്പലം തല ഉയര്‍ത്തി നില്‍ക്കുന്നു. ചുറ്റോടുചുറ്റും കൊക്ക പോലുള്ള ചരിവും കാടുമാണ്. തുമ്പപ്പൂപ്പൂക്കളും പേരറിയാത്ത നിരവധി കാട്ടുപൂക്കളും നിറഞ്ഞ അമ്പലമുറ്റം. കുന്നിന്‍മുകളില്‍ നിന്നാല്‍ ഒരു വശത്ത് കൂറ്റന്‍ മലനിരകള്‍ കാണാം. പാലൊഴുകി വരുന്നതു പോലെ നേര്‍ത്ത അരുവികള്‍ മലമുകളില്‍നിന്ന് ഒഴുകിയിറങ്ങുന്നു. കനത്ത കോട ഇടയ്ക്കിടയ്ക്ക വന്നു മലയെ മറച്ചു കളയും. കുന്നിന് മറുവശം വിശാലമായി കിടക്കുകയാണ്. കണ്ണെത്താദൂരത്തോളം ചെറുതും വലുതുമായ തേയിലക്കുന്നുകള്‍. വളഞ്ഞും വലം വെച്ചും കുന്നുകളിലേക്കു കയറിപ്പോകുന്ന റോഡുകള്‍. 

English Summary:

A Journey Through Mundakai in 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com