ADVERTISEMENT

മേപ്പാടി∙ ദുരന്തം തകര്‍ത്തെറിഞ്ഞ വയനാട്ടിലേക്കു സ്‌നേഹം ചുരത്തി സജിനും കുടുംബവും എത്തി. കല്‍പ്പറ്റയില്‍നിന്നു മേപ്പാടിയിലേക്കുള്ള യാത്രയിലാണു താനും ഭാര്യയും കുഞ്ഞുങ്ങളുമെന്നു സജിന്‍ പാറേക്കര മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. ദുരന്തത്തില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കു മുലപ്പാല്‍ നല്‍കി പരിചരിക്കാനാണു സജിനും കുടുംബവും വയനാട്ടില്‍ എത്തിയിരിക്കുന്നത്. ഇടുക്കി സ്വദേശികളായ ഇവര്‍ക്ക് നാലു വയസും നാലു മാസവും പ്രായമുള്ള രണ്ടു കുട്ടികളാണുള്ളത്. കഴിഞ്ഞ ദിവസമാണു വയനാടിനെ ചേര്‍ത്തുപിടിച്ചു സജിന്‍ ഇട്ട പോസ്റ്റ് സമൂഹമാധ്യമത്തില്‍ ചർച്ചയായത്. 

'ഞങ്ങള്‍ ഇടുക്കിയില്‍ ആണ്, വയനാട്ടില്‍ വന്നു കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും എന്റെ കുടുംബം തയാറാണ്. ഞങ്ങള്‍ക്കും ഉണ്ടു കുഞ്ഞുമക്കള്‍' ഇത്രയുമായിരുന്നു സജിന്റെ പോസ്റ്റ്. തുടര്‍ന്നു രണ്ടാളുകള്‍ ബന്ധപ്പെട്ടതിനു പിന്നാലെയാണു സജിനും ഭാവനയും കുട്ടികളുമൊത്തു വയനാട്ടിലേക്കു തിരിച്ചത്. എന്നാല്‍ ഫോണില്‍ ബന്ധപ്പെട്ടവര്‍ അവിടെയത്തി വിളിച്ചിട്ട് എടുക്കുന്നില്ല. തങ്ങളെ പരീക്ഷിക്കാന്‍ അവര്‍ വിളിച്ചതാണെന്നാണു കരുതുന്നതെന്നും സജിന്‍ പറഞ്ഞു. 

തുടർന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബന്ധപ്പെടുകയായിരുന്നു. ‘‘മേപ്പാടിയിലേക്ക് ചെല്ലാന്‍ പറഞ്ഞതു പ്രകാരം അവിടേക്കുള്ള യാത്രയിലാണ്. അവിടെയെത്തി ഏതെങ്കിലും ആശുപത്രി കേന്ദ്രീകരിച്ചു മുലപ്പാല്‍ നല്‍കുകയോ ഏതെങ്കിലും കുരുന്നുകള്‍ ഉണ്ടെങ്കില്‍ നേരിട്ടു മുലപ്പാല്‍ നല്‍കുകയോ ചെയ്യും’’ - സജിന്‍ പറഞ്ഞു. രണ്ടു ചെറിയ കുട്ടികളുടെ അമ്മയാണു താനെന്നും അമ്മ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്കറിയാമെന്നും സജിന്റെ ഭാര്യ ഭാവന പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കു മുലപ്പാല്‍ നല്‍കുന്നതിനെപ്പറ്റി ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ എതിരു പറയാതെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വയനാട് ജില്ലാ പഞ്ചായത്തു പ്രസിഡന്റുമായി ഏകോപിപ്പിച്ചാണു കുഞ്ഞുങ്ങള്‍ക്കു പരിചരണം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ദുരന്തത്തില്‍പെട്ട കുഞ്ഞുങ്ങള്‍ വല്ലാതെ ഭയന്ന മാനസികാവസ്ഥയിലാണ്. അവര്‍ക്ക് സ്‌നേഹവും പരിചരണവുമാണ് ഇപ്പോള്‍ വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ അറിയിച്ചു.

English Summary:

From Kalpetta to Meppadi: Sajin’s Journey of Love and Support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com