ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്ഗാഹ് തർക്കം; ഹർജി നിലനിൽക്കുമെന്ന് അലഹാബാദ് ഹൈക്കോടതി
Mail This Article
ന്യൂഡൽഹി∙ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി–ഷാഹി ഈദ്ഗാഹ് പള്ളി തർക്കക്കേസിലെ ഹർജികൾ നിലനിൽക്കുമെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം പൊളിച്ചാണു ഈദ്ഗാഹ് മസ്ജിദ് പണിതതെന്നു ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു പ്രധാന ഹർജി. ഇതുൾപ്പെടെ ഹർജികളുടെ നിലനിൽപ്പ് ചോദ്യം ചെയ്ത് ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് അലഹാബാദ് ജസ്റ്റിസ് മായങ്ക് കുമാർ ജെയിൻ തള്ളിയത്. ഫലത്തിൽ, ഷാഹി ഈദ്ഗാഹ് പള്ളി നിലനിൽക്കുന്ന സ്ഥലത്ത് അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള 18 ഹർജികളിലും വാദം തുടരും.
ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തിനു മേൽ മുഗൾ ചക്രവർത്തി ഔറംഗസേബാണ് ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്നും ഇതു നിലനിൽക്കുന്ന 13.37 ഏക്കർ സ്ഥലം തിരികെ ക്ഷേത്രത്തിനു നൽകണമെന്നും ആവശ്യപ്പെട്ടുള്ളതാണു ഹിന്ദു വിഭാഗത്തിന്റെ ഹർജികൾ. എന്നാൽ, 1991ലെ ആരാധനാലയ നിയമ പ്രകാരം ഈ ഹർജികൾക്ക് നിലനിൽപ്പില്ലെന്നാണ് മുസ്‌ലിം വിഭാഗം ചൂണ്ടിക്കാട്ടുന്നത്.