ADVERTISEMENT

മേപ്പാടി∙ കുത്തിയൊലിച്ചുവന്ന മണ്ണിലും വെള്ളത്തിലും ഒലിച്ചുപോയത് മുണ്ടക്കൈ എന്ന ഗ്രാമമാകെയാണ്. മുണ്ടക്കൈ പുഴ ഇത്രമേൽ രൗദ്രഭാവം പൂണ്ടേക്കുമെന്നും പരന്നൊഴുകി ജീവനും സ്വത്തും കവരുമെന്നും മുണ്ടക്കൈക്കാർ ആരും കരുതിയില്ല. സെക്കൻഡുകൾക്കുള്ളിൽ രണ്ടരക്കിലോമീറ്ററോളം പ്രദേശത്തെ മണ്ണും മരങ്ങളും മനുഷ്യനും വളർത്തുമൃഗങ്ങളും തുടച്ചുമാറ്റപ്പെട്ടു. മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ജിതേഷിന്റെ അച്ഛനും അമ്മയും സഹോദരിയും മക്കളും തലനാരിഴയ്ക്കു രക്ഷപ്പെട്ടപ്പോൾ ബന്ധുവായ ശിവനും കുടുംബവും വീടിനകത്ത് അടിച്ചുകയറിയ ചെളിയിൽ പുറത്തേക്കു കടക്കാനാകാതെ മരണത്തിനു കീഴടങ്ങി. ജിതേഷ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു. 

‘‘പുഴ ചാലിയാറിന്റെ ഉത്ഭവസ്ഥാനമാണെന്നാണു പറയുന്നത്. ഇത്രയും വീതിയിൽ പരന്നുവരും എന്ന ചിന്ത മുണ്ടക്കൈയിൽ ആർക്കും ഉണ്ടായിട്ടില്ല. പുഴയുടെ കരയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഉള്ളത്. പൊട്ടിവരുന്ന സമയത്ത് ആ വശങ്ങളിലുള്ള വീടുകളെല്ലാം എടുത്താണ് അതു പോയത്. കുത്തിയൊലിച്ചു വന്നത് വെള്ളം മാത്രമായിരുന്നില്ല, വലിയ കല്ലുകളായിരുന്നു. ഒരു വീടിന്റെയത്രയെല്ലാം പൊക്കമുള്ള വലിയ ഉരുളൻ കല്ലുകൾ. ഭയങ്കര ശബ്ദമാണ് ആദ്യം കേട്ടത്. എല്ലാവരും മുറ്റത്തിറങ്ങി നോക്കി. വെള്ളം കണ്ട് പലരും വീടുകളിൽനിന്നു പുറത്തേക്ക് ഓടി. ആ സമയത്താണ് എന്റെ വീട്ടുകാരും രക്ഷപ്പെടുന്നത്. 

ഞാൻ കളിച്ചുവളർന്ന എന്റെ സ്ഥലമാണിത്. അപകടം നടക്കുമ്പോൾ എന്റെ അച്ഛനും അമ്മയും അനിയത്തി ജിതികയും മക്കളും മുണ്ടക്കൈയിലെ വീട്ടിലുണ്ടായിരുന്നു. എന്തോ ശബ്ദം കേട്ടാണ് അവർ വീട്ടിൽനിന്ന് ഓടിയിറങ്ങി രക്ഷപ്പെടുന്നത്. കോടയും മറ്റും മൂടിയ കാരണം അവർക്ക് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. ഓടി രക്ഷപ്പെട്ട് തൊട്ടടുത്ത റിസോർട്ടിൽ അഭയം തേടിയതിനുശേഷം അവളാണു പൊലീസുകാരെയും മറ്റും കാര്യങ്ങൾ വിളിച്ചുപറയുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ കുടുങ്ങിക്കിടക്കുന്ന ചിലരെ രക്ഷപ്പെടുത്താനും പറ്റി. തന്നെ ആരോ വിളിച്ചുകൊണ്ടുപോയി ചെയ്യിക്കുകയായിരുന്നു എന്നാണ് അവൾ ഞങ്ങളോടു പറഞ്ഞത്. അവളെ വിളിച്ചെന്ന് അവൾക്ക് തോന്നിയ അടുത്ത വീട്ടിലെ ആ പയ്യൻ പക്ഷേ അപകടത്തിൽ മരിച്ചിരുന്നു. അവളുടെ മനസ്സിന്റെ തോന്നലുകളായിരിക്കാം അത്. 

പക്ഷേ, ദുരന്തത്തിൽ എന്റെ ചേട്ടായിയെയും (അമ്മായിയുടെ മകൻ ശിവൻ) കുടുംബത്തെയും നഷ്ടപ്പെട്ടു. ഉരുൾപൊട്ടി വന്നപ്പോൾ ശിവൻ ചേട്ടന്റെ മകനും സഹോദരന്റെ മകനും വാതിൽ തുറന്നു പുറത്തേക്ക് ചാടി. പക്ഷേ, ഉള്ളിലുള്ള ചേച്ചിക്കും ചേട്ടനും മകൾക്കും പുറത്തുകടക്കാനായില്ല. അപ്പോഴേക്കും വീടിന്റെ പുറകുവശത്തുകൂടി വീടിനകത്തു ചെളി അടിച്ചുകയറി. രക്ഷപ്പെടാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അവർ പരസ്പരം കെട്ടിപ്പിടിച്ചു മരണത്തെ അഭിമുഖീകരിക്കുകയായിരുന്നു. അവർക്കുമുകളിൽ അലമാരയും ഭിത്തിയുമെല്ലാം തകർന്നുവീണിരുന്നു. പുറത്തുകടന്ന പയ്യന്മാർക്കു ചെളി വന്നടിഞ്ഞ കാരണം വാതിൽ ചവിട്ടിപ്പൊളിക്കാനൊന്നും പറ്റിയില്ല. എല്ലാം സെക്കൻഡുകൾക്കുള്ളിലാണ് സംഭവിക്കുന്നത്. ശിവൻ ചേട്ടന്റെ സഹോദരനാണു ശിവനും ഭാര്യയും അവിടത്തന്നെയുണ്ടെന്നു പറഞ്ഞ് മണ്ണുമാന്താൻ തുടങ്ങിയത്. അതുകണ്ട് കുറച്ചാളുകൾ ചേർന്നു. ഒടുവിൽ മണ്ണിനടിയിൽനിന്നു കെട്ടിപ്പിടിച്ച നിലയിൽ മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.  

മുണ്ടക്കൈ ടൗൺ എന്നുപറയുന്നത് 20–25 കടകളൊക്കെയുള്ള ഇരുനില കെട്ടിടങ്ങളും പഴയ ഓടിട്ട കെട്ടിടങ്ങളുമെല്ലാമുള്ള ഒരു സ്ഥലമായിരുന്നു. അതുവഴി ഉരുൾപൊട്ടിവരുമെന്നൊന്നും ആരും കരുതിയിരുന്നില്ല. ആദ്യ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ പുഴയിൽനിന്ന് ആറോ ഏഴോ നില കെട്ടിടത്തിന്റെ ഉയരത്തിൽ നിൽക്കുന്ന ഒരു വീട്ടിലേക്ക് കുറേ ആളുകൾ ഓടിക്കയറി. പക്ഷേ, പുഴ ഗതിമാറി കുത്തിയൊലിച്ചു വന്നതോടെ അതടക്കം ഒലിച്ചുപോയി. ടൗണിൽ ഒരു മുസ്‌ലിംപള്ളി ഉണ്ടായിരുന്നു. അവിടെ മുറിയിൽ കിടന്നുറങ്ങിയ മുസ്‌ലിയാരെ നിലമ്പൂരിലെ ചാലിയാറിൽനിന്നാണു കണ്ടെടുത്തത്. മുണ്ടക്കൈ സ്കൂൾ, ഹാരിസണന്റെ നാല് ബംഗ്ലാവ്, അവിടെത്തെ സ്റ്റാഫ്, ബംഗ്ലാവിന്റെ ഇടതുവശത്തെ വീടുകൾ, എല്ലാം പരന്നൊഴുകിയ വെള്ളവും മണ്ണും പാറക്കൂട്ടവും കൊണ്ടുപോയി.   

എന്റെ ബന്ധു സജ്നയും മാതാപിതാക്കളും മുണ്ടക്കൈയ്ക്കു താഴെയുള്ള ഭാഗത്താണു താമസിച്ചിരുന്നത്. ചൂരൽമലയിലുള്ളവർ ആദ്യത്തെ പൊട്ടലുണ്ടായത് അറിഞ്ഞിട്ടില്ല. ശബ്ദം കേട്ടു പിന്നെ ഒരു പ്രത്യേക തരത്തിലുള്ള മണം വന്നുവെന്നാണ് അവൾ പറഞ്ഞത്. പാറകളും മണ്ണും മരവും എല്ലാം കൂട്ടിയുരതിയുണ്ടായ മണമാണോയെന്ന് അറിയില്ല. ആനച്ചൂര് വരുന്നുണ്ടു പുറത്ത് ആനയുണ്ടെന്നു തോന്നുന്നു, വാതിൽ തുറക്കേണ്ടെന്നാണ് അവളുടെ അമ്മ പറഞ്ഞത്. ആശങ്കയിൽ പക്ഷേ, വാതിൽ തുറന്നുനോക്കിയ അവർ മുറ്റത്ത് വെള്ളം നിറഞ്ഞുനിൽക്കുന്നതാണു കണ്ടത്. ഗേറ്റ് തെറിച്ചുപോയിരുന്നു. ആദ്യ പൊട്ടലിൽ വന്ന വെള്ളത്തിൽ തെറിച്ചുപോയതായിരിക്കണം. പക്ഷേ, അതൊന്നും അവർ അറിഞ്ഞിട്ടില്ല. അധികസമയം അവിടെ നിൽക്കുന്നത് അപകടമാണെന്നു തോന്നി അവർ അൽപ്പം ഉയരത്തിലുള്ള മറ്റൊരുവീട്ടിലേക്കു കയറി. പക്ഷേ, അതും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്നു തോന്നി ആ വീട്ടുകാരും സജ്നയും സമീപത്തുള്ള ഒരു കുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. പലരും കമിഴ്ന്നടിച്ചു വീണു. സജ്നയുടെ ഫോൺ നഷ്ടപ്പെട്ടു. ആ കുന്നിലാണെങ്കിൽ നിറയെ അട്ടകളാണ്. മേലാസകലം അട്ടകടിച്ചു ചോരയുമായി അവർ കുന്നിന്റെ മറുവശത്തേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും അവിടെ ആനയുണ്ടെന്നും അങ്ങോട്ടിറങ്ങല്ലേയെന്നും ആളുകൾ വിളിച്ചുപറഞ്ഞു. പിന്നെ ആ കുന്നിൽനിന്നാണു നേരംവെളുപ്പിച്ചത്. പിറ്റേന്ന് ദുരന്തനിവാരണ സേന വന്ന് ചെറിയ പാലം ഉണ്ടാക്കിയാണ് സജ്നയുൾപ്പെടെയുള്ളവരെ പുറത്തേക്ക് എത്തിച്ചത്. അപ്പോഴേക്കും വൈകിട്ട് ആറുമണി കഴിഞ്ഞിരുന്നു.’’

English Summary:

The Emotive Stories of Mundakai Mudslide Survivors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com