ADVERTISEMENT

തിരുവനന്തപുരം∙ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഡിഎന്‍എ സാംപിളെടുക്കുന്നതിനായി ആളുകൾക്കു മാനസികാരോഗ്യ പിന്തുണ നൽകുന്നതിനു വേണ്ടിയുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പു തയാറാക്കിയതായി മന്ത്രി വീണാ ജോർജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കാണാതായവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാംപിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചതാരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണു മാനദണ്ഡങ്ങള്‍ തയാറാക്കിയതെന്നും മന്ത്രി അറിയിച്ചു

ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്ക അനുഭവിക്കുന്നവരെയും മാനസികമായി അതിനു സജ്ജമാക്കും. അവർക്കൊപ്പം നിന്നുകൊണ്ട് എന്താണു പരിശോധന എന്നതും എന്താണതിന്റെ പ്രാധാന്യം എന്നതും പറഞ്ഞു മനസിലാക്കും. 100 ശതമാനവും വിശ്വസനീയമായ ഒരു പ്രക്രിയയാണ് ഡിഎന്‍എ പരിശോധന. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍, ഫസ്റ്റ് കസിന്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാംപിളുകള്‍ മാത്രമേ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അടിയന്തര ദുരന്തഘട്ടത്തിലെ കൗണ്‍സിലിങ്ങിന്റെ അടിസ്ഥാന തത്വങ്ങളായ നിരീക്ഷിക്കൽ, കേള്‍ക്കൽ, സഹായം ലഭ്യമാക്കുൽ എന്നിവ ഉറപ്പാക്കിയാണ് പ്രോട്ടോകോള്‍ തയാറാക്കിയിരിക്കുന്നത്. ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസവും സഹാനുഭൂതിയോടെയുള്ള സമീപനവും ഉറപ്പുവരുത്തും. കൂടുതല്‍ സംസാരിക്കാനോ വിവരങ്ങള്‍ പങ്കിടാനോ നിര്‍ബന്ധിക്കില്ല. എന്നാല്‍ സംസാരിക്കാന്‍ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുകയും വേണമെന്നും മന്ത്രി അറിയിച്ചു.

English Summary:

Health Department Introduces DNA Sampling Protocol for Wayanad Disaster Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com