ADVERTISEMENT

ന്യൂഡൽഹി ∙ പ്രശസ്‌ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. അനാരോഗ്യം മൂലം ചികിൽസയിലായിരുന്ന യാമിനിയുടെ അന്ത്യം ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികൾ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വലുതാണ്. യാമിനി കൃഷ്ണമൂർ‌ത്തിയെ 1968 ൽ പത്മശ്രീ (1968),  പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്റെ ആസ്‌ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ 1940 ഡിസംബർ 20 നാണ് യാമിനിയുടെ ജനനം. സംസ്‌കൃത പണ്ഡിതനും കവിയുമായ എം. കൃഷ്‌ണമൂർത്തിയാണ് പിതാവ്. ഒരു പൗർണമിരാത്രിയിൽ ജനിച്ചതിനാൽ യാമിനി പൂർണതിലക എന്നാണ് മുത്തച്ഛൻ പേരുവിളിച്ചത്. തമിഴ്‌നാട്ടിലെ ചിദംബരത്താണ് യാമിനി വളർന്നത്. അഞ്ചു വയസ്സുള്ളപ്പോൾ, ചെന്നൈയിൽ വിഖ്യാത നർത്തകി രുക്മിണീദേവി അരുണ്ഡേലിന്റെ കലാക്ഷേത്ര നൃത്തവിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാൻ ചേർന്നു. പിന്നീട് തഞ്ചാവൂർ‌ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുർ ഗൗരിയമ്മ തുടങ്ങിയ നർത്തകരുടെ കീഴിൽ കൂടുതൽ‌ പരിശീലനം നേടി. 

വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂർത്തി തുടങ്ങിയവരുടെ ശിഷ്യയായി കുച്ചിപ്പുടിയും പങ്കജ് ചരൺ ദാസിന്റെയും കേളുചരൺ മഹാപത്രയുടെയും കീഴിൽ ഒഡീസിയും പഠിച്ചു. എം.ഡി.രാമനാഥനിൽനിന്നു കർണാടക സംഗീതവും കൽപകം സ്വാമിനാഥനിൽനിന്നു വീണയും പഠിച്ചിട്ടുണ്ട്. 1957 ൽ ചെന്നെയിലായിരുന്നു അരങ്ങേറ്റം. പിന്നീട് അനുപമമായ പ്രതിഭ കൊണ്ട് വേദികൾ കീഴടക്കിയ യാമിനി, അടുത്ത ദശകത്തോടെ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ നർത്തകരിലൊരാളായി എണ്ണപ്പെട്ടു. ‘എ പാഷൻ ഫോർ ഡാൻസ്’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്. ന്യൂഡൽഹിയിൽ യാമിനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തിയിരുന്നു.

English Summary:

Yamini Krishnamurthy passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com